അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പൊലീസിന്റെ നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും സാക്ഷി വ്യക്തമാക്കി.
സംഭവത്തിൽ നേരത്തെ 10 ഉം 11 ഉം സാക്ഷികൾ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷം ഇന്നാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ ജഡ്ജി ചെയർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്.
അഡ്വ. രാജേഷ് എം മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.
English summary;Madhu Case; One more witness defected
You may also like this video;