Site iconSite icon Janayugom Online

നാടകാചാര്യനും സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ മധു മാഷ് (കെ കെ മധുസൂദനൻ-73) അന്തരിച്ചു. അസുഖബാധിതനായി എരഞ്ഞിപ്പാലം ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മരണം. മാക്സിം ഗോർക്കിയുടെ കൃതിയെ ആസ്പദമാക്കിയുള്ള അമ്മ, ഇന്ത്യ 1974, പടയണി, സ്പാർട്ടക്കസ്സ്, കറുത്ത വാർത്ത, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി പതിനഞ്ചോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. സംഘഗാനം, ഷട്ടർ തുടങ്ങിയ എട്ടോളം മലയാളം സിനിമകളിലും അഭിനയിച്ചു.

1948 ഒക്ടോബർ 12ന് കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും മകനായി അത്താണിക്കലിലാണ് ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ മാഷ് പിന്നീട് തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. അക്കാലത്ത് നക്സൽ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയ മാഷ് നാടകത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. വയനാട്ടിലെ കൈനാട്ടി എൽപി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ സമയം നക്സൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി.

പല സമയങ്ങളിലായി രണ്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ചു. പിന്നീട് കേസിൽ വിട്ടയച്ച ശേഷം ബേപ്പൂർ ഗവ എൽപി സ്കൂളിൽ അധ്യാപകനായി. കുറ്റിച്ചിറ ഗവ എൽപി, കെയിലാണ്ടി ഗവ മാപ്പിള സ്കൂൾ, കുറ്റിച്ചിറ ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2004ൽ കുറ്റ്യാടിക്കടുത്ത് ചെറുകുന്ന് ഗവ യുപി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. ഭാര്യ: കെ തങ്കം. മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ എം ടി വിധു രാജ്, അഭിനയ രാജ് (എഎൻഎസ് മീഡിയ കൊച്ചി ) എന്നിവർ മക്കളാണ്. മരുമക്കൾ: സ്വർണ വിധു രാജ്, പി സുദർഷിണ. സംസ്കാരം ഇന്ന് രാവിലെ 10. 30ന് മാവൂർ റോഡ് ശ്മശാനത്തിൽ. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, നടനും സംവിധായകനും നാടക പ്രവർത്തകനുമായ ജോയ് മാത്യു തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

eng­lish summary;madhu mas­ter passed away

you may also like this video;

Exit mobile version