Site iconSite icon Janayugom Online

മധു വധക്കേസ്; പതിനെട്ടാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധു വധക്കേസിൽ പതിനെട്ടാം സാക്ഷിയും കൂറുമാറി. പതിനെട്ടാം സാക്ഷിയായ കാളി മൂപ്പനാണ് കൂറു മാറിയത്. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പൻ. ഇതോടെ കേസിൽ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു വനംവാച്ചർമാരെ നേരത്തെ വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.

രഹസ്യമൊഴി നൽകിയ പത്തുമുതൽ പതിനേഴ് വരെയുള്ള സാക്ഷികളിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയിൽ ഉറച്ചു നിന്നത്.

രഹസ്യമൊഴി നൽകിയ പതിനേഴാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികൾ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നൽകിയ ജോളിയാണ് വിസ്താരത്തിനിടെ കുറുമാറിയത്. പൊലീസ് നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നൽകിയത് എന്നായിരുന്നു ജോളി തിരുത്തിയത്.

പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്.

താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴിമറ്റിയതിനാലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വിസ്തരിച്ചത്.

മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അദ്ദേഹം മൊഴിയിൽ ഉറച്ചു നിന്നു. രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സുരേഷ് വിസ്താരത്തിനിടെ ആവർത്തിച്ചത് പ്രോസിക്യൂഷന് ആശ്വാസമായിരുന്നു.

Eng­lish summary;Madhu mur­der case; The eigh­teenth wit­ness also defected

You may also like this video;

Exit mobile version