പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ ജഡ്ജി ചെയർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്.
അഡ്വ. രാജേഷ് എം മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.
പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിൻറെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
English summary;Madhu murder case; The trial will resume today
You may also like this video;