അട്ടപ്പാടി മധു വധക്കേസിൽ 29ആം സാക്ഷി സുനിൽ കുമാറിനെതിരെ കോടതിയെ കബളിപ്പിച്ചെന്ന പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. കേസിലെ 11 പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് കോടതി വിധിയുണ്ടാകും. ഇതോടൊപ്പം രണ്ട് സാക്ഷികളുടെ വിസ്താരവും ഇന്നുണ്ടാകും.29ആം സാക്ഷി സുനിൽ കുമാര്‍ കോടതിയില്‍ കാണിച്ച ദൃശ്യത്തിൽ സ്വന്തം ചിത്രം തിരിച്ചറിയാനാകുന്നില്ലെന്ന് സുനിൽകുമാർ പറഞ്ഞതിനെതുടർന്ന് സാക്ഷിയുടെ കാഴ്ച പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
കാഴ്ചാപരിശോധനയിൽ ഇയാൾക്ക് പ്രശ്‌നങ്ങളില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. പ്രൊസിക്യൂഷൻ ഹർജിയെതുടർന്ന് ജാമ്യം റദ്ദാക്കിയ പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. 90, 91 സാക്ഷികളുടെ വിസ്താരവും ഇന്ന് കോടതിയിൽ നടക്കും. 25 സാക്ഷികളാണ് കേസിൽ ഇതുവരെ കൂറുമാറിയത്.
ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച എട്ട് പ്രതികളുടെ ഹർജികൾ ഹൈക്കോടതി തള്ളി. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം.
English Summary:Madhu murder case; Verdict today on the petition against the 29th witness
You may also like this video