Site icon Janayugom Online

മധ്യപ്രദേശിലെ വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒരാൾക്കെതിരെ കേസെടുത്തു

മധ്യപ്രദേശ് സംസ്ഥാന സർവീസ് പരീക്ഷയുടെ ചോദ്യപേപ്പർ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച സംഭവത്തില്‍ അജ്ഞാതനായ ഒരാൾക്കെതിരെ ഇൻഡോർ പൊലീസ് കേസെടുത്തു. മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷനിലെ (എംപിപിഎസ്‌സി) വിജിലൻസ് ഓഫീസറുടെ പരാതിയെത്തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജിയിലെയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി സന്യോഗിതഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

സോഷ്യല്‍ മീഡിയ ടെലിഗ്രാമിലെ അക്കൗണ്ട് വഴിയാണ് എംപിപിഎസ്‌സി നടത്തിയ പ്രാഥമിക റൗണ്ട് പരീക്ഷയുടെ ചോദ്യപേപ്പറുകൾ 2,500 രൂപയ്ക്ക് ലഭ്യമായെന്ന് പ്രചരണം നടത്തിയത്. ചോദ്യപേപ്പര്‍ ആവശ്യം ഉളളവര്‍ക്ക് പണമടയ്ക്കാൻ ഈ അക്കൗണ്ടിൽ ക്യുആർ കോഡും നൽകിയിട്ടുണ്ടായിരുന്നുവെന്ന് ഒരു ഉദ്യോഗാര്‍ത്ഥി പറഞ്ഞു. ‘ജനറൽ സ്റ്റഡീസ്’ വിഷയത്തിലെ പേപ്പർ ചോർന്നെന്ന വാര്‍ത്തയാണ് പ്രചരിച്ചത്.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയെ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്ത തെറ്റെന്ന് തെളിയിക്കുന്ന തെളിവുകളാണ് പിന്നീട് പുറത്ത് എത്തിയത്. ഞായറാഴ്ച നടന്ന സംസ്ഥാന സർവീസ് പരീക്ഷയുടെ പ്രാഥമിക റൗണ്ടിൽ സംശയാസ്പദമായ ചോദ്യപേപ്പറും വിഷയത്തിലെ യഥാര്‍ത്ഥ ചോദ്യപേപ്പറും തമ്മില്‍ താരതമ്യം ചെയ്തപ്പോൾ അത് വ്യാജമാണെന്ന് കണ്ടെത്തി. 15 ഡെപ്യൂട്ടി കളക്ടർ, 22 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെ 110 തസ്തികകളിലേക്കാണ് ഞായറാഴ്ച പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ 55 ജില്ലാ ആസ്ഥാനങ്ങളിലായി നടന്ന പ്രാഥമിക റൗണ്ട് പരീക്ഷയിൽ 1.83 ലക്ഷം ഉദ്യോഗാർത്ഥികൾ പങ്കെടുത്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Summary:Madhya Pradesh fake ques­tion paper leak; A case was reg­is­tered against one person
You may also like this video

Exit mobile version