Site icon Janayugom Online

ഷൂട്ടിംഗ് സെറ്റിലെ ബജ്രംഗ്ദള്‍ അതിക്രമം; ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ആശ്രം വെബ് സീരീസ് സെറ്റില്‍ അക്രമം അഴിച്ചുവിട്ട ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി. വെബ് സീരീസിന്റെ പേര്‍ മാറ്റാൻ സംവിധായകൻ പ്രകാശ് ജായോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ട്വീറ്റ് ചെയ്തു. 

എന്തുകൊണ്ടാണ് വെബ് സീരീസിന് ആശ്രം എന്ന പേരിട്ടിരിക്കുന്നത്. മറ്റു മതങ്ങളെ പരാമര്‍ശിക്കുന്ന തരത്തില്‍ പേരിട്ടാല്‍ നേരിടുന്ന ഭവിഷത്തുകള്‍ അറിയാമല്ലോ. ഷൂട്ടിംഗ് സെറ്റില്‍ ആക്രമണം നടത്തിയത് തെറ്റു തന്നെയാണ്. എന്നാല്‍ പ്രകാശ് ജാ തന്റെ തെറ്റ് മനസിലാക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. 

ആശ്രം-3ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനായി ഒരു മാര്‍ഗരേഖ തയ്യാറാക്കും. ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാവോ സ്ക്രിപ്റ്റ് സമര്‍പ്പിച്ച് ഒരു മതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ഷൂട്ടിങ് അനുവദിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. 

ഞായറാഴ്ച വൈകിട്ടോടെയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് സെറ്റില്‍ ആക്രമം അഴിച്ചുവിടുകയും പ്രകാശ് ജായുടെ മുഖത്ത് കറുത്ത മഷി തേയ്‍ക്കുകയും ചെയ്തത്. വെബ് സീരിസിന്റെ പേര് മാറ്റാൻ പ്രകാശ് ജാ തയ്യാറായില്ലെങ്കില്‍ ഭോപ്പാലില്‍ ചിത്രീകരണം തുടരാൻ അനുവദിക്കുകയില്ലെന്ന് മിശ്ര പറഞ്ഞു. 

Eng­lish Sum­ma­ry : Mad­hya Pradesh Home min­is­ter sup­ports bajrang dal vio­lence in shoot­ing set

You may also like this video :

Exit mobile version