മധ്യപ്രദേശില്‍ 24 കാരിയായ എംബിഎ വിദ്യാർത്ഥിനിയെ സഹപാഠിയുടെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയതും നഗ്നയാക്കപ്പെട്ടതുമായ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹപാഠി പിയൂഷ് ധനോട്ടിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പീയുഷിന്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടനുള്ളിൽ 24കാരിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹം കാലിലെ സോക്സ് കണ്ടാണ് യുവതിയുടെ പിതാവ് തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ചയാണ് ഇൻഡോറിലെ സാൻവർ റോഡിലുള്ള കോളജിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനിയായ 24 കാരിയെ കാണാതായത്. ജനന സർട്ടിഫിക്കറ്റ് ശരിയാക്കാൻ പിതാവിനൊപ്പം വീട്ടിൽ നിന്നിറങ്ങിയ യുവതി അന്ന് വൈകുന്നേരം താൻ സഹപാഠിയായ പിയൂഷ് ധനോട്ടിയയ്‌ക്കൊപ്പം ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയാണെന്നും രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ രാത്രി പെൺകുട്ടി തിരിച്ചെത്തിയില്ല. അന്ന് രാത്രി വിദ്യാർത്ഥിനിയുടെ ഫോണിൽ നിന്ന് കോളജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പെൺകുട്ടിയും ഒരു യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിലും പുരുഷന്റെ മുഖം മറച്ച നിലയിലുമായിരുന്നു വീഡിയോ.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കോളജ് മാനേജ്മെന്റ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വീഡിയോ നീക്കം ചെയ്യുകയും ബുധനാഴ്ച പെൺകുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ട് വീഡിയോയെക്കുറിച്ചും, മകളുടെയും വീഡിയോയിലുള്ള യുവാവെന്ന് സംശയിക്കുന്ന പീയുഷിന്റേയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അറിയിച്ചു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് പരാതിയിൽ കാര്യമായ അന്വേഷണം നടത്തിയില്ല. ദ്വാരികപുരി പ്രദേശത്തെ അങ്കിൾ ഗലിയിലുള്ള പിയൂഷിന്റെ വീട്ടിൽ ഒരു പൊലീസുകാരൻ എത്തിയെങ്കിലും വീട് പുറത്തു നിന്ന് പൂട്ടിയതിനാൽ തിരിച്ച് പോയെന്ന് കുടുംബം ആരോപിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പീയുഷിന്‍റെ വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയും പീയഷും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.

