Site iconSite icon Janayugom Online

മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് അഴിമതി; പരീക്ഷയെഴുതിയ വ്യാജന്‍മാര്‍ അറസ്റ്റില്‍

ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വ്യാപം അഴിമതിയെ കടത്തിവെട്ടി മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിലും വന്‍ അഴിമതിയും വ്യാജന്‍മാരുടെ വിളയാട്ടവും. സോള്‍വേഴ്സ് എന്നറിയപ്പെടുന്ന നിരവധി വ്യാജ ഉദ്യോഗാര്‍ത്ഥികള്‍ യഥാര്‍ത്ഥ അപേക്ഷകര്‍ക്ക് പകരം എഴുതിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് നടത്തിയ പരിശോധനയിലാണ് പരീക്ഷയെഴുതിയ വ്യാജന്‍മാരെ കണ്ടെത്തിയത്. 2023 ഓഗസ്റ്റിലാണ് ക്രമക്കേട് നടന്നത്. ഓഗസ്റ്റ് 12നും സെപ്റ്റംബര്‍ 12നും ഇടയില്‍ നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ 7,090 തസ്തികകളില്‍ ഏഴ് ലക്ഷം പേരാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. പരീക്ഷാഫലം 2024 മാര്‍ച്ചില്‍ പ്രഖ്യാപിക്കുകയും ശാരീരിക പരിശോധനകള്‍ക്ക്ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ നിയമന പ്രക്രിയ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടത്.
ഫോട്ടോ, കയ്യക്ഷരം, ആധാര്‍ എന്നിവയിലാണ് തട്ടിപ്പ് നടന്നത്. 

തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്നവരെയും വ്യാജന്‍മാരെ പരീക്ഷയ്ക്ക് നിയോഗിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെയും അധികൃതര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഗ്വാളിയോറില്‍ മൊറീന, ശിവപുരി, ഷിയോപൂര്‍ ജില്ലകളില്‍ നിന്നുള്ള അഞ്ച് ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ വ്യാജന്‍മാരെ ഉപയോഗിച്ചത്. ഫോട്ടോഗ്രാഫ്, ബയോമെട്രിക്, ആധാര്‍ കര്‍ഡ് എന്നിവയില്‍ കൃത്രിമം നടത്തിയാണ് വ്യാജന്‍മാരെ നിയോഗിച്ചത്. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തു. 

2007ലാണ് ബിജെപി സര്‍ക്കാരിനെ പിടിച്ചുകുലുക്കുകയും പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടയുകയും ചെയ്ത വ്യാപം അഴിമതി കേസ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചത്. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന അഴിമതി 2013ലാണ് പുറംലോകമറിഞ്ഞത്. സംസ്ഥാന സര്‍വീസിലെ വിവിധ നിയമനങ്ങളിലായിരുന്നു അന്ന് അഴിമതിയും ക്രമക്കേടും നടന്നത്. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്യുകയായിരുന്നു. 

Exit mobile version