Site icon Janayugom Online

‘കൂട്ടിലടച്ച തത്തയെ പുറത്തുവിടണം’ ;സിബിഐയെ സ്വതന്ത്രമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

സിബിഐയെ കൂട്ടിലടച്ച തത്തയാക്കി ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മിഷനും സിഎജിയും പ്രവര്‍ത്തിക്കുന്നതുപോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സിബിഐയ്ക്ക് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സിയ്ക്ക് കൂടുതല്‍ അധികാരങ്ങളോടെ സ്വയംഭരണാവകാശം നല്‍കുന്നതിനായി പ്രത്യേക നിയമം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കൂട്ടിലടച്ച തത്തയെ സ്വതന്ത്രമാക്കാനുള്ള ശ്രമമാണിതെന്ന് ജസ്റ്റിസുമാരായ എന്‍ കൃപാകരന്‍, ബി പുകഴേന്തി എന്നിവര്‍ പറഞ്ഞു. കൂട്ടിലടച്ച തത്തയെന്ന് 2013ല്‍ സുപ്രീം കോടതിയാണ് സിബിഐയെ വിശേഷിപ്പിച്ചത്. സിബിഐയുടെ നിലവിലുള്ള ഘടന മാറ്റാനുള്ള 12 നിര്‍ദ്ദേശങ്ങളാണ് ഡിവിഷന്‍ ബെഞ്ച് നല്‍കിയത്. പ്രത്യേക ബജറ്റ് വിഹിതം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എന്നാല്‍ തങ്ങള്‍ ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് സിബിഐ ഒരു അപേക്ഷ നല്‍കിയിരുന്നു. ഏതെങ്കിലും അന്വേഷണം ഏറ്റെടുക്കണമെന്നുള്ള ആവശ്യം ഉയരുമ്പോഴെല്ലാം സിബിഐ ഇത്തരത്തില്‍ പരിമിതികള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പരിമിതികള്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ക്കായി, കേന്ദ്ര സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്ന് സിബിഐ മേധാവിയോട് കോടതി ആവശ്യപ്പെട്ടു. ഡിവിഷനുകള്‍, വിഭാഗങ്ങള്‍, ജീവനക്കാരുടെ എണ്ണം എന്നിവ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വിശദമാക്കുന്ന പ്രൊപ്പോസല്‍ ആറ് ആഴ്ചകള്‍ക്കകം കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രൊപ്പോസല്‍ ലഭിച്ച് മൂന്നാഴ്ചയ്ക്കകം ഇതിനുള്ള ഉത്തരവ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആവശ്യമായ സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ സിബിഐ പല കേസുകളും ഏറ്റെടുക്കാതിരിക്കുന്നതും കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്താതിരിക്കുന്നതും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് ഇതേ കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. സുപ്രധാനമായ കേസുകളുള്‍പ്പെടെ സിബിഐ അന്വേഷിക്കുന്ന പല കേസുകളും പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് എത്തിച്ചേരുന്നുണ്ടെന്നും അന്വേഷണം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി കൂടുതൽ വിദഗ്ധരെയും ആധുനിക സൗകര്യങ്ങളും സിബിഐയ്ക്ക് നല്‍കേണ്ടത് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish summary;Madras High Court orders release of CBI

You may also like this video;

Exit mobile version