Site iconSite icon Janayugom Online

‘ഡ്യൂഡ്’ സിനിമയിൽ ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്

പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ തമിഴ് ചിത്രം ‘ഡ്യൂഡി‘ൽ ഇളയരാജയുടെ രണ്ട് പാട്ടുകൾ ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി താൽക്കാലികമായി വിലക്കി. സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്റെ ഗാനങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ. സെന്തിൽകുമാർ ഇടക്കാല വിലക്ക് ഏർപ്പെടുത്തിയത്. ‘നൂറ് വർഷം’, ‘കറുത്ത മച്ചാൻ’ എന്നീ ഗാനങ്ങളാണ് ‘ഡ്യൂഡി‘ൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് സംഗീത സംവിധായകന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് പ്രഭാകരൻ കോടതിയെ അറിയിച്ചു. പകർപ്പവകാശമുള്ള തന്റെ ഗാനങ്ങൾ അനധികൃതമായി ഉപയോഗിച്ചതിലൂടെ പ്രൊഡക്ഷൻ ഹൗസിന് ലഭിച്ച ലാഭം വെളിപ്പെടുത്തണമെന്നും ഇളയരാജ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. യഥാർത്ഥ സൃഷ്ടിയിൽ മാറ്റം വരുത്തി, വികൃതമാക്കിയാണ് സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ചത് എന്നും ഇത് സ്രഷ്ടാവിന് ദോഷം വരുത്തിയെന്നും അഭിഭാഷകൻ വാദിച്ചു.

അതേസമയം, പകർപ്പവകാശ നിയമ ഭേദഗതിക്ക് മുമ്പ് നിർമിച്ച സംഗീതമായതിനാൽ ഈ പാട്ടുകളുടെ രചയിതാവായി ഇളയരാജ തുടരുന്നുണ്ടോ എന്ന ചോദ്യമാണ് നിർമാണ കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഉയർത്തിയത്. ബന്ധപ്പെട്ട സിനിമകളുടെ നിർമാതാവ് ഗാനങ്ങളുടെ അവകാശം സോണി മ്യൂസിക്കിന് വിറ്റുവെന്നും, പിന്നീട് അവർ അത് ‘ഡ്യൂഡി‘ന്റെ നിർമാതാക്കൾക്ക് നൽകുകയായിരുന്നു എന്നും അദ്ദേഹം വാദിച്ചു. ആവശ്യമായ കരാറുകളിൽ ഏർപ്പെട്ടതിനുശേഷമാണ് നിർമാണ കമ്പനി പുതിയ സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ചത്. ചിത്രം ഇതിനകം തന്നെ തിയേറ്റർ റൺ പൂർത്തിയാക്കി ഒ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിട്ടുണ്ടെന്നും, ഇടക്കാല ഉത്തരവ് അനുവദിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും മൈത്രി മൂവി മേക്കേഴ്‌സിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഗാനങ്ങൾ പടത്തിൽ ഉപയോഗിക്കുന്നത് താൽക്കാലികമായി വിലക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.

Exit mobile version