Site iconSite icon Janayugom Online

മദ്രസകൾ തീവ്രവാദം വളർത്തുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി: വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി

Union ministerUnion minister

മദ്രസകള്‍ക്കെതിരെ വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറാണ് മദ്രസകൾക്കെതിരെ അതിരൂക്ഷമായ ആരോപണമുന്നയിച്ചിരിക്കുന്നത്. മദ്രസകള്‍ തീവ്രവാദം വളർത്തുന്നുവെന്നും രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നുമാണ് ആരോപണം. 

തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ശ്രീ വിദ്യാരണ്യ ആവാസ വിദ്യാലയത്തിൽ പെൺകുട്ടികൾക്കായുള്ള പുതിയ ഹോസ്റ്റൽ ബ്ലോക്ക് അനാച്ഛാദനം ചെയ്യവെയാണ് കേന്ദ്രമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. 

മദ്രസകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് എകെ 47 റൈഫിളുകൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകുന്നുണ്ടെന്നും സഞ്ജയ് കുമാര്‍ ആരോപിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫണ്ടു നല്‍കി സംസ്ഥാനസര്‍ക്കാര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

“ഹൈദരാബാദ്, സിദ്ദിപേട്ട്, കരീം നഗർ തുടങ്ങിയ സ്ഥലങ്ങളിൽ ചില മദ്രസകൾ അവരുടെ വിദ്യാർത്ഥികൾക്ക് ചെറിയ തുകകൾ വാഗ്ദാനം ചെയ്യുന്നതായി പറയപ്പെടുന്നു. എന്നാൽ ഈ മദ്രസകളിൽ എന്താണ് സംഭവിക്കുന്നത്? ലോകത്തെവിടെ ആക്രമണമുണ്ടായാലും തെറ്റുകാര്‍ ആരെന്നുചോദിച്ചാല്‍ ഇവരിലേക്ക് വിരല്‍ചൂണ്ടുന്ന അവസ്ഥയാണിന്നുള്ളത്, സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. 

“എന്നിട്ടും, സർക്കാർ എന്താണ് ചെയ്യുന്നത്? ഇത് പരിഹരിക്കുന്നതിന് പകരം, പുതിയ സാങ്കേതിക വിദ്യകളും വിദ്യാഭ്യാസ പരിപാടികളും വികസിപ്പിക്കുന്നതിന്റെ മറവിൽ ഈ മദ്രസകൾക്ക് ഫണ്ട് നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്രസകളിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ സർക്കാർ ആദരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചതിനെ തുടർന്ന് ജൂലൈയിൽ ഉത്തർപ്രദേശിൽ വാദപ്രദിവാദങ്ങള്‍പൊട്ടിപ്പുറപ്പെട്ടിരുന്നു.

Exit mobile version