Site icon Janayugom Online

മധുര‑ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇന്നു മുതല്‍

കൊല്ലം-ചെങ്കോട്ട പാതയിലൂടെയുള്ള മധുര‑ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ആദ്യയാത്ര ഇന്ന് തുടങ്ങും. നിലവില്‍ സര്‍വീസ് നടത്തി വന്നിരുന്ന മധുര‑ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍-ഗുരുവായൂര്‍ തീവണ്ടികള്‍ ഒറ്റ സര്‍വീസ് ആക്കിയാണ് മധുര- ഗുരുവായൂര്‍ സര്‍വീസ് തുടങ്ങുന്നത്. 

മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 2.10 ന് ഗുരുവായൂരിലെത്തും. 

തിരികെ ഗുരുവായൂര്‍-മധുര തീവണ്ടിയുടെ ആദ്യ യാത്ര തിങ്കളാഴ്ചയാണ്. എല്ലാ ദിവസവും പുലര്‍ച്ചെ 5.50 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.10ന് കൊല്ലത്തും 12.54 ന് കൊട്ടാരക്കരയിലും 1.20 ന് പുനലൂരും എത്തിച്ചേരും. രാത്രി 7.15 നാണ് ട്രെയിന്‍ മധുരയില്‍ യാത്ര അവസാനിക്കുക.

ഒരു തേര്‍ഡ് എ സി, രണ്ടു സ്ലീപ്പര്‍, ഒന്‍പത് ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ എന്നിവ തീവണ്ടിയിൽ ഉണ്ടാകും. ചെങ്കോട്ട‑കൊല്ലം സെക്ഷനില്‍ നിലവിലെ കൊല്ലം-ചെങ്കോട്ട പാസഞ്ചറിന് അനുവദികപ്പെട്ടിരുന്ന എല്ലാ സ്റ്റോപ്പുകളിലും ഈ ട്രെയിൻ നിര്‍ത്തുമെന്ന് അധികൃതർ അറിയിച്ചു.

Eng­lish Summary:Madurai-Guruvayur Inter­ci­ty Express from today

You may also like this video

Exit mobile version