Site iconSite icon Janayugom Online

പൊലീസുകാരൻ മുഖ്യപ്രതിയായ ബലാത്സംഗക്കേസ് ഒതുക്കാൻ ശ്രമിച്ച മജിസ്ട്രേറ്റിനെ അറസ്റ്റുചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊ ല പ്പെടുത്തിയ കേസിൽ അശ്രദ്ധ കാണിച്ചതിനും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിനും മജിസ്ട്രേറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദാരങ് (Dar­rang) ജില്ലയിലെ ലോക്കൽ മജിസ്ട്രേറ്റ് ആശിർവാദ് ഹസാരിക (Ashir­vad Haz­ari­ka) ആണ് അറസ്റ്റിലായത്. സംഭവം വിവാദമായതോടെ ഒളിവിലായിരുന്നു ആശിര്‍വാദ്.

ഇക്കഴിഞ്ഞ ജൂൺ 11ന് ദാരങ്ങിലെ ഒരു സശാസ്ത്ര സീമ ബൽ (Sashas­tra Seema Bal‑നേപ്പാൾ–ഭൂട്ടാൻ അതിർത്തികളിൽ ഇന്ത്യവിന്യസിച്ചിട്ടുള്ള ബോർഡർ ഗാർഡിങ് ഫോഴ്സാണ് സശാസ്ത്ര സീമ ബൽ എന്ന എസ്എസ്ബി) ഉദ്യോഗസ്ഥന്റെ വസതിയില്‍ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അവിടെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ ദുരൂഹമരണത്തില്‍ അസം പൊലീസ് അന്വേഷണം നടത്തി. ഇതോടെയാണ് പെണ്‍കുട്ടിയെ കൊ ല പ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ എസ്എസ്ബി ഉദ്യോഗസ്ഥനും ഭാര്യയും പ്രതികളായി കേസും രജിസ്റ്റര്‍ ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടു. ഇവരെ അറസ്റ്റും ചെയ്തു. ഇതിന് പിന്നാലെയാണ് മജിസ്ട്രേറ്റിനെയും പ്രതിചേര്‍ത്തത്.

എസ്‌പിയടക്കമുള്ളവരായിരുന്നു നേരത്തെ അറസ്റ്റിലായത്. അഡീഷണൽ എസ്‌പി (ദാരങ്), പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഓഫീസർ, പെൺകുട്ടിയുടെ മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടം ചെയ്ത മൂന്ന് ഡോക്ടർമാർ എന്നിവരാണ് നേരത്തെ സിഐഡി അറസ്റ്റ് ചെയ്തത്. ആദ്യം അസ്വാഭാവിക മരണമായാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും പിന്നീട് ഇത് പൊലീസുകാർ ആത്മഹത്യയെന്ന് മാറ്റുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ദാരങ് എസ്‌പി രാജ്മോഹൻ റേയെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ തന്നെ സസ്പെൻഷനിലായിരുന്നു. എസ്‌പിക്ക് പണം നൽകിയ ലോക്കൽ പൊലീസ് ഓഫീസറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെതിരെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയും കൃത്യവിലോപവും ഉണ്ടായെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. തുടര്‍ന്നാണ് കേസിൽ അന്വേഷണം പുനരാരംഭിച്ചത്.

കേസിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച ശേഷം വീണ്ടും പുറത്തെടുത്ത് രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തി. പീഡനം, കൊലപാതകം, തെളിവ് നശിപ്പിക്കൽ, ബലാത്സംഗം എന്നിവയിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് പുതിയ അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. പെൺകുട്ടി തൂങ്ങി മരിച്ചതല്ലെന്നും ബലാത്സംഗം ചെയ്തത് ഭാര്യയോട് പറയുമെന്ന് പറഞ്ഞതിനെ തുടർന്ന് പ്രതിയായ എസ്എസ്ബി ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ തലയിലും കഴുത്തിലും ഇടിക്കുകയും കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ സർക്കാരുദ്യോഗസ്ഥർ അന്വേഷണ ഘട്ടങ്ങളിൽ നിയമങ്ങൾ പാലിച്ചില്ലെന്നും പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ റിപ്പോർട്ടുകൾ ഉണ്ടാക്കിയെന്നും സിഐഡി വിഭാഗം അഡീഷണൽ ഡിജിപി എ വൈ വി കൃഷ്ണ വ്യക്തമാക്കി.

Eng­lish sum­ma­ry: mag­is­trate arrest­ed in Assam for minor girl’s mur­der case

Exit mobile version