മഹാദേവ് വാതുവയ്പ് ആപ്പ് കേസിൽ ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിചേർത്തു. ജനുവരി ഒന്നിന് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ബാഗേലിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാദേവ് ആപ്പിന്റെ പ്രൊമോട്ടർമാരിൽ നിന്ന് 508 കോടിയോളം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.
ശുഭം സോണി, അനിൽ കുമാർ അഗ്രവാൾ, രോഹിത് ഗുലാതി, ഭീം സിങ് യാദവ്, ആസീം ദാസ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. റായ്‌പൂരിലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പിഎംഎൽഎ കേസുകൾക്കായുള്ള പ്രത്യേക കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. മഹാദേവ് ഓൺലൈൻ ബുക്കിന്റെ പ്രധാനിയായ ശുഭംസോണിയാണ് ഭൂപേൽ ബാഗലിന് പണം നൽകാനായി പരിചയപ്പെടുത്തിയതെന്ന് ആസീം ദാസ് വെളിപ്പെടുത്തിയതായി ഇഡി വ്യക്തമാക്കി.
ഒക്ടോബർ 25ന് ശുഭം സോണി ആസീം ദാസിനെ ദുബായിലേക്ക് വിളിച്ചുവരുത്തിയതായും ബാഗേലിന് കൊടുക്കാനുള്ള പണം കൈമാറിയതായും ദാസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം ദാസിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ട്-10 കോടി രൂപ ബാഗേലിന് നല്‍കാനാണ് സന്ദേശത്തില്‍ പറയുന്നത്. നവംബർ രണ്ടിന് ദാസിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 5.39 കോടി രൂപ ഇഡി കണ്ടെടുത്തിരുന്നു.
English Summary: Mahadev Betting App Case; Former Chief Minister Bhupesh Bagel is also on the counter list
You may also like this video