Site iconSite icon Janayugom Online

മഹാരാഷ്ട്രയ്ക്കും ഹിന്ദി വേണ്ട; മൂന്നാം ഭാഷയാക്കിയ ഉത്തരവ് റദ്ദാക്കി ബിജെപി സര്‍ക്കാര്‍

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി മൂന്നാം ഭാഷയാക്കിയ ഉത്തരവ് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കി. ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം പിൻവലിച്ചത്. ഇതുസംബന്ധിച്ച് പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ അറിയിച്ചു.ഈ മാസം 17നാണ് സംസ്ഥാനത്ത് മറാഠി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ ഭാഷാ കൺസൾട്ടേഷൻ കമ്മിറ്റിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിരുന്നു. 

മഹാരാഷ്ട്രയിൽ കുട്ടികളിൽ ഹിന്ദി അടിച്ചേല്പിക്കാൻ ഒരുങ്ങുന്നുവെന്ന ആരോപണം തെറ്റാണെന്നും സംസ്ഥാനത്ത് മറാഠി മാത്രമാണ് നിർബന്ധിത ഭാഷയെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദീകരിച്ചിരുന്നു. രണ്ടാമത് ഹിന്ദി തന്നെ പഠിക്കണമെന്നില്ലെന്നും ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി ഭാഷകളിൽ ഏത് വേണമെങ്കിലും കുട്ടികൾക്ക് തെരഞ്ഞെടുക്കാമെന്നും ഫഡ്‌നാവിസ് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയുടെ നിലപാടുമാറ്റം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി, ഹിന്ദി അടിച്ചേല്പിക്കൽ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും പോർമുഖം തുറന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. ദേശീയ വിദ്യാഭ്യാസ നയ പ്രകാരമുള്ള ഭാഷാ ഫോർമുലയെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പരാമർശങ്ങൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോയെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചോദ്യം. 

ഫഡ്‌നാവിസിന്റെ നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും അഭിപ്രായം വ്യക്തമാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി വ്യക്തമായ മാർഗ നിർദേശം നൽകണമെന്നും കേന്ദ്രത്തോട് ഡിഎംകെ അധ്യക്ഷൻ ആവശ്യപ്പെട്ടു.
എൻഇപിയിൽ വിഭാവനം ചെയ്തിരിക്കുന്ന ത്രിഭാഷാ നയത്തെ ഡിഎംകെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായി എതിർക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കമാണിതെന്ന് സ്റ്റാലിൻ ആരോപിക്കുന്നു. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ‌്നാട്ടില്‍ ഇതൊരു വലിയ വിഷയമായും മാറിയിട്ടുണ്ട്. 1968 മുതൽ സംസ്ഥാനത്ത് നിലവിലുള്ള ഇംഗ്ലീഷും തമിഴും എന്ന ദ്വിഭാഷാ ഫോർമുല തുടരുമെന്നും തമിഴ‌്നാട് ഉറച്ചുവ്യക്തമാക്കുന്നു. 

Exit mobile version