നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിലെ ബിജെപി- ശിവസേന സഖ്യത്തില്‍ ഭിന്നത രൂക്ഷം വ്യാഴാഴ്ച നടന്ന മന്ത്രിസഭായോഗത്തിനിടെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ അജിത് പവാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിയപ്പോയതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിക്കാനുദ്ദേശിക്കുന്ന സുപ്രധാന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിവരിക്കുമ്പോഴായിരുന്നു പ്രശ്‌നത്തിന് തുടക്കം. പദ്ധതികള്‍ തനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ അജിത് പവാര്‍, ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഷിന്‍ഡെയും പവാറും തമ്മില്‍ വാക്‌പോര് നടന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, വോട്ടര്‍മാരെ കയ്യിലെടുക്കുക പരിഗണിച്ച് കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് മഹായുതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഏതാനും പദ്ധതികള്‍ കഴിഞ്ഞ കാബിനറ്റ് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്‍സിപി നേതാവ് ശരദ് പവാറിന്റെ മണ്ഡലമായ ബാരാമതിയിലെ ചില പദ്ധതികളും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടതാണ് അജിത് പവാറിന്റെ എതിര്‍പ്പിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ബാരാമതിയിലെ പദ്ധതികളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ ശരദ് പവാറിന്റെ ഓഫീസില്‍ നിന്ന് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി വന്നതാണെന്നാണ് അജിത് പവാറിന്റെ കണക്കുകൂട്ടല്‍.