മഹാരാഷ്ട്ര സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ മതപരിവര്‍ത്തന നിരോധന ബില്ലിന് അംഗീകാരം നല്‍കി. ഈ ബിൽ ഉടൻതന്നെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും. മതപരിവർത്തനം തടയുന്നതിനായി നിയമംവേണമെന്ന് മഹാരാഷ്ട്രയിൽ ദീർഘകാലമായി ആവശ്യമുണ്ടെന്ന് മന്ത്രി നിതേഷ് റാണെ പറഞ്ഞു. ഒട്ടേറെ ഹൈന്ദവ സംഘടനകളും ആക്ടിവിസ്റ്റുകളും വർഷങ്ങളായി ഇത്തരമൊരു നിയമനിർമാണത്തിനായി പ്രചാരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നിയമങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ നിയമം കൂടുതൽ ഫലപ്രദമാകുമെന്നും അദ്ദേഹം എടുത്തുകാട്ടി. പുതിയ നിയമപ്രകാരം, ഒരാളെ നിർബന്ധിച്ച് മതംമാറ്റുകയോ പ്രലോഭനങ്ങളിലൂടെ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ജാമ്യമില്ലാകുറ്റമായി കണക്കാക്കുമെന്ന് റാണെ കൂട്ടിച്ചേർത്തു. നിയമത്തിന്റെ വിശദാംശങ്ങൾ ഉടൻ പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

