പ്രാദേശിക തൊഴിലവസരങ്ങൾ പ്രേത്സാഹിക്കുന്നതിന്റെ ഭാഗമായി ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളിലെ (ഡിസിസിബി) 70 % ജോലികളും തദ്ദേശീയർക്ക് സംവരണം ചെയ്യാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. അതത് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാവും അവസരം.
സുതാര്യതയും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്), ടിസിഎസ്-ഐഒഎൻ (ടാറ്റ കൺസൾട്ടൻസി സർവീസസ്), മഹാരാഷ്ട്ര നോളജ് കോർപറേഷൻ ലിമിറ്റഡ് (എംകെസിഎൽ) എന്നിവയിലൂടെ മാത്രമേ എല്ലാനിയമനങ്ങളും നടത്താവൂ എന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് പുതിയ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിയമനം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
“70 % തസ്തികകൾ അതത് ജില്ലകളിലെ സ്ഥിര താമസക്കാർക്ക് സംവരണം ചെയ്യണം”. ബാക്കി 30 % ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് നല്‍കാമെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു. ജില്ലയ്ക്ക് പുറത്തുള്ള അനുയോജ്യരായ സ്ഥാനാർത്ഥികൾ ലഭ്യമല്ലെങ്കിൽ, ആ തസ്തികകളിൽ പ്രാദേശിക സ്ഥാനാർത്ഥികളെ തന്നെ നിയമിക്കാവുന്നതുമാണ്. ഉത്തരവിന് മുമ്പ് റിക്രൂട്ട്മെന്റ് പരസ്യങ്ങൾ നൽകിയ ബാങ്കുകൾക്കും ഈ നിർദേശം ബാധകമാണ്.

