Site iconSite icon Janayugom Online

അല്‍ഫോണ്‍സോ മാമ്പഴത്തിന് ഭൗമസൂചിക തേടി ഗുജറാത്ത്പ്ര;തിഷേധവുമായി മഹാരാഷ്ട്ര കര്‍ഷകര്‍

കൊങ്കണ്‍ തീരത്തുള്ള അല്‍ഫോണ്‍സോ (ഹാപ്പസ്) മാമ്പഴത്തിന് ഗുജറാത്ത് ഭൗമസൂചിക പദവി തേടുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കര്‍ഷകര്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് അവരുടെ ആവശ്യം. ഗുജറാത്തിലെ രണ്ട് സര്‍വകലാശാലകള്‍ വല്‍സാദ് ഹാപ്പസ് മാമ്പഴത്തിന് ഭൗമസൂചിക (ജിഐ ടാഗ്) തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കൊങ്കണ്‍ അല്‍ഫോണ്‍സോ ഇനത്തിന് 2018ല്‍ ജിഐ ടാഗ് ലഭിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ നവസാരി കാര്‍ഷിക സര്‍വകലാശാലയും ഗാന്ധിനഗര്‍ യൂണിവേഴ‍്സിറ്റിയും മറ്റൊരു തരം മാമ്പഴം വല്‍സാദ് ഹാപ്പസിന് ഇതേ അംഗീകാരം തേടിയതാണ് നിലവിലെ ആശങ്കയ്ക്ക് കാരണം. വിഷയം ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്. 

കൊങ്കണ്‍ ഹാപ്പസിന്റെ അംഗീകാരത്തിന് ഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ ഇടപെണമെന്നും എന്‍സിപി (എസ‍്പി) എംഎല്‍എ രോഹിത് പവാര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ വളരെയധികം പരിശ്രമത്തിലൂടെയാണ് ഇവ സംരക്ഷിക്കുന്നത്. ഈ മാമ്പഴം അവരുടെ ഉപജീവനമാര്‍ഗമാണ്. മേഖലയിലെ ഏറ്റവും വലിയ വിറ്റുവരവ് ഹാപ്പസ് മാമ്പഴത്തിലൂടെയാണ് ലഭിക്കുന്നതെന്നും 2023ല്‍ ഒരു ജില്ല ഒരു ഉല്പന്നം എന്ന സംരംഭത്തിന്റെ ഭാഗമായി ഇതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഇതിന് ശേഷമാണ് കര്‍ഷകര്‍ രംഗത്തെത്തിയത്. മറ്റേതെങ്കിലും പേര് അവര്‍ക്ക് ആവശ്യപ്പെടാമെന്ന് സിന്ധുദുര്‍ഗ് ജില്ലയിലെ ദേവ്ഗഡ് താലൂക്ക് മാംഗോ ഗ്രോവേഴ‍്സ് കോ ഓപറേറ്റീവ് ലിമിറ്റഡിന്റെ സ്ഥാപക പ്രസിഡന്റ് അജിത് ഗോഗേറ്റ് പറഞ്ഞു.

ജിഐ ടാഗ് രജിസ്ട്രേഷനുള്ള അപേക്ഷ അന്തിമവാദം കേള്‍ക്കാനായി എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. അതിന് ശേഷം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹ്യാദ്രി മേഖലയുമായുള്ള ഭൂമിശാസ്ത്രപരമായ വിന്യാസം കണക്കിലെടുത്ത്, നവസാരിയെയും വല്‍സാദിനെയും കൊങ്കണ്‍ മേഖലയുടെ ഭാഗമായി ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് എഴുതിയ കത്തില്‍ മാംഗോ ഗ്രോവേഴ‍്സ് കോ ഓപറേറ്റീവ് ലിമിറ്റഡ് ആവശ്യപ്പെട്ടിരുന്നു. 

Exit mobile version