Site iconSite icon Janayugom Online

മുസ്ലിം പ്രതികള്‍ക്ക് ഹിന്ദു ജാമ്യക്കാര്‍ വേണമെന്ന് മഹാരാഷ്ട്ര പൊലീസ്

മഹാരാഷ്ട്രയില്‍ അകോലയിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിലെ മുസ്ലിങ്ങളോട് ഹിന്ദുക്കളായ ജാമ്യക്കാരെ കൊണ്ടുവരണമെന്ന് പൊലീസ്. പ്രതികളുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. മേയ് 13 ന്, ദ കേരള സ്റ്റോറിയെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഘര്‍ഷം ഉണ്ടായത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തില്‍ 150 മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തുവെന്ന് അഭിഭാഷകൻ എം ബദർ പറഞ്ഞു. 

90 ശതമാനം മുസ്ലിം യുവാക്കളും പ്രാദേശിക സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം നേടിയത് എല്ലാ ആഴ്ചയും രണ്ട് മണിക്കൂർ ക്രൈംബ്രാഞ്ചിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ്. എന്നാല്‍ ക്രൈംബ്രാഞ്ചിനു മുമ്പാകെ ഹാജരായപ്പോള്‍ ഓരോ വ്യക്തിക്കും പ്രത്യേകം ഹിന്ദു ജാമ്യക്കാരെ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ജാമ്യക്കാരനെ ഹാജരാക്കത്തപക്ഷം പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. പൊലീസിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും വിഷയത്തില്‍ പ്രാദേശിക ക്രൈം ബ്രാഞ്ചിനും പൊലീസ് സൂപ്രണ്ടിനും പരാതി സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. 

Eng­lish Summary:Maharashtra Police wants Hin­du bail bonds­men for Mus­lim accused
You may also like this video

Exit mobile version