Site iconSite icon Janayugom Online

ഇനി ‘മഹാ‘യുദ്ധം

മഹാരാഷ്ട്രയില്‍ ബിജെപി പിന്തുണയോടെ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറിനീക്കങ്ങളെ ശക്തമായി നേരിടാൻ മഹാ വികാസ് അഘാഡി. വിമതരുടെ ഭീഷണിക്ക് വഴങ്ങാതെ വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ സഖ്യത്തിന്റെ പുതിയ തീരുമാനം. പ്രതിസന്ധി തീര്‍ക്കാന്‍ മഹാസഖ്യത്തിൽനിന്ന് പിൻവാങ്ങാൻ വരെ തയാറാണെന്ന് നേതൃത്വം വാക്ക് നൽകിയിട്ടും ഏകനാഥ് ഷിൻഡെ വഴങ്ങാത്തതിനെ തുടർന്നാണ് ഭീഷണിക്ക് കിഴടങ്ങേണ്ടെന്നും നിയമസഭയിൽ നേരിടാമെന്നും സഖ്യ നേതൃത്വം തീരുമാനിച്ചത്.
മഹാസഖ്യത്തെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോരാടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചശേഷം ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകിയിട്ടുണ്ട്. 12 വിമത എംഎൽഎമാർക്ക് വിപ്പും നൽകി. സംസ്ഥാനത്തെ ശിവസേന ഭാരവാഹികളെ മുഴുവന്‍ മുംബൈയിലെ സേനാ ഭവനിൽ വിളിച്ചുചേർക്കാനും പാർട്ടി ചെയർമാനായ ഉദ്ധവ് തീരുമാനിച്ചിട്ടുണ്ട്. ജില്ലാതല നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും തുടങ്ങി.

സേനയ്ക്കുള്ളിലെ പ്രതിസന്ധിക്ക് കാരണം താനാണെന്ന ആരോപണം ഉദ്ധവ് നിഷേധിച്ചു. തന്റെ സ്വന്തം പാർട്ടിയിൽ താനെങ്ങനെ വിമതരെയുണ്ടാക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. ‘കഴിഞ്ഞ രണ്ടര വർഷമായി നമ്മൾ കോവിഡിനോട് പോരാടുകയായിരുന്നു. അതിന് ശേഷം താൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഏകനാഥ് ഷിൻഡെയുടെ മകൻ ശിവസേന എംപിയാണ്. തന്റെ കൈവശമുണ്ടായിരുന്ന വകുപ്പ് ഷിൻഡെയ്ക്ക് നൽകി. എന്നാൽ പകരമായി അദ്ദേഹം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്. തങ്ങളെ പിന്നിൽ നിന്ന് കുത്തിയ ബിജെപിയുമായി സഖ്യത്തിനില്ല’- ഉദ്ധവ് പറഞ്ഞു.
വിമതര്‍ക്കെതിരായ പോരാട്ടത്തിൽ പാർട്ടി വിജയിക്കുമെന്ന് സഞ്ജയ് റാവത്ത് എംപി പറഞ്ഞു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് എംഎൽഎമാർ ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. സ്വന്തം എംഎൽഎമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ശിവസേനയാണെന്നും കമല്‍നാഥ് പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാനുള്ള ഏക സ്ഥലം വിധാൻ സഭ മാത്രമാണെന്നും ഉദ്ധവിന് അഘാഡി സഖ്യം പൂർണ പിന്തുണ നൽകുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. നിലവിലുള്ളത് ശിവസേനയുടെ ആഭ്യന്തര പ്രശ്നമാണെന്ന് ഉപ മുഖ്യമന്ത്രി അജിത്ത് പവാർ പറഞ്ഞു. സഖ്യസർക്കാരിന് പിന്തുണ നൽകുക എന്നത് ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നും അവസാന നിമിഷം വരെ അത് തുടരുമെന്നും അജിത്ത് പവാർ വ്യക്തമാക്കി.
അതേസമയം തനിക്ക് 50 ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഇന്നലെ മുംബൈയിലെത്തിയ ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നു. എംഎൽഎമാർക്കു പുറമെ എംപിമാരുടെയും കോർപറേറ്റുകളുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി തന്ത്രത്തിന് തിരിച്ചടി

ശിവസേനയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന് അതേ നാണയത്തില്‍ മറുപടിയുമായി മഹാ വികാസ് അഘാഡി. വിമതർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതേ ആവശ്യത്തില്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതയും എൻസിപിയും കോൺഗ്രസും തേടുന്നുണ്ട്.
വിമത എംഎൽഎമാരിൽ കുറച്ചു പേരെ അയോഗ്യരാക്കി കൂറുമാറ്റനിയമം ബാക്കിയുള്ളവർക്ക് ബാധകമാക്കുക എന്ന തന്ത്രമാണ് ഭരണപക്ഷം പയറ്റുന്നത്. വിമത പ്രവർത്തനം കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. കൂറുമാറ്റം സംബന്ധിച്ച വ്യക്തമായ നിയമങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവുകളുമുണ്ടെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Eng­lish Sum­ma­ry: Now the ‘Great’ War

You may like this video also

Exit mobile version