മഹാരാഷ്ട്രയില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ച് ബിജെപി നയിക്കുന്ന മഹായുതി സര്‍ക്കാര്‍. കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്. ത്രിഭാഷ പദ്ധതിക്കെതിരെ പ്രതിപക്ഷമായ മഹാവികാസ് അഘാഡി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. വിഷയത്തില്‍ ഏപ്രില്‍ 16 നും ജൂണ്‍ 17 നും ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രൈമറി ക്ലാസുകളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഭാഷാ ഉപദേശക സമിതിയും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്കിരുന്നു. ഹിന്ദി പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ സമിതി നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വിയോജിപ്പ് മറികടന്നാണ് സര്‍ക്കാരിന്റെ വിവാദ തീരുമാനമുണ്ടായതെന്ന് ചെയര്‍മാന്‍ ലക്ഷ്മി കാന്ത് ദേശ്മുഖ് പറഞ്ഞു. ശിവസേന (യുബിടി) നേതൃത്വത്തില്‍ സർക്കാർ പ്രമേയം കത്തിച്ച് ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു.
രാജ്യമാകെ ത്രിഭാഷാ നയം നടപ്പിലാക്കാന്‍ മോഡി സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ഇതിനോട് മുഖം തിരിച്ചത് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി ഫണ്ട് തടഞ്ഞുവയ്ക്കുന്ന സ്ഥിതിയിലേയ്ക്ക് വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രതിപക്ഷം ത്രിഭാഷാ നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്ന വേളയിലാണ് എന്‍ഡിഎ ഭരണം നടത്തുന്ന മഹാരാഷ്ട്രയിലും ഹിന്ദി അടിച്ചേല്പിക്കല്‍ പിന്‍വലിക്കേണ്ടതായി വന്നിരിക്കുന്നത്.

