മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിലെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കാൻ ശുപാർശ. പകരം മഹർഷി ചരകന്റെ പേരിലുള്ള ശപഥമെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചു.
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ മെഡിക്കൽ കോളജുകളുമായി നടത്തിയ ചർച്ചയിലാണ് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശങ്ങൾ പങ്കുവച്ചത്.
മെഡിക്കൽ വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചൊല്ലുന്ന പ്രതിജ്ഞയാണ് ഹിപ്പോക്രാറ്റിക് ഓത്ത്. ഇതിന് പകരം മഹർഷി ചരകന്റെ പേരിലുള്ള മഹർഷി ചരക് ശപഥ് എടുക്കണമെന്നാണ് നിർദേശം. പ്രാദേശിക ഭാഷകളിൽ പ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്നും നിർദേശമുണ്ട്. കൊളോണിയൽ അധിനിവേശത്തിൽ നിന്ന് മെഡിക്കൽ രംഗം മാറി ചിന്തിക്കണമെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ അംഗങ്ങൾ പറയുന്നു.
പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് ആധുനിക ചികിത്സയുടെ പിതാവായാണ് അറിയപ്പെടുന്നത്. പഴയ കാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയല്ല ഇപ്പോള്‍ പ്രചാരത്തിലുള്ളത്. പകരം ലോകമെഡിക്കൽ അസോസിയേഷൻ 1948 സെപ്റ്റംബറിൽ സ്വിറ്റ്‍സർലൻഡിലെ ജനീവയിൽ ചേർന്ന ജനറൽ അസംബ്ലിയിൽ അംഗീകരിച്ച ആധുനിക പ്രതിജ്ഞയാണ് ഇപ്പോൾ ഹിപ്പോക്രാറ്റിക് ഓത്ത് എന്ന പേരിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലുന്നത്. ഇതിന് പുറമെ യോഗ നിർബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
English Summary: Maharshi Charaka Pledge for Medical Students
You may like this video also