Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി: കൂടുതല്‍ തൊഴില്‍ദിനം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിക്കാന്‍ അഞ്ച് മാസം ബാക്കി നില്‍ക്കെ ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം തൊഴില്‍ദിനം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനങ്ങള്‍. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കണമെന്ന് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയ്ക്കാനും തീരുമാനിച്ചു.

മിക്കസംസ്ഥാനങ്ങളും അനുവദിച്ച തുകയുടെ 90 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ബജറ്റ് വിഹിതം വിനിയോഗിക്കുകയും ചെയ്തു. പദ്ധതി തുകയുടെ 94 ശതമാനവും ഇതിനകം വിനിയോഗിച്ച് കഴിഞ്ഞതായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം രേഖകള്‍ വ്യക്തമാക്കുന്നു. പദ്ധതി അവസാനിക്കാന്‍ അഞ്ച് മാസം അവശേഷിക്കേ പണമില്ലാത്തതിനാല്‍ തൊഴില്‍ നല്‍കുന്നത് നിര്‍ത്തേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിലാണ് അവശേഷിക്കുന്ന മാസങ്ങളില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.

തൊഴില്‍ ദിനം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് രാജസ്ഥാന്‍, യുപി, അസം സംസ്ഥാനങ്ങള്‍ പദ്ധതി ബജറ്റ് പുനഃപരിശോധന നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതിനകം ബജറ്റ് പുതുക്കി നിശ്ചയിച്ച് കേന്ദ്രത്തിന് അയച്ചു. കേന്ദ്രം അനുവദിച്ച തുകയെക്കാള്‍ കൂടുതല്‍ രാജസ്ഥാന്‍ വിതരണം ചെയ്ത് കഴി‍ഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ പശ്ചിമ ബംഗാളിനുള്ള പദ്ധതി വിഹിതം രണ്ടു വര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ് അറിയിച്ചു. ക്രമക്കേട് ആരോപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷമായി ബംഗാളിനുള്ള വിഹിതം തടഞ്ഞ് വച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ തൊഴിദിനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പുനരവലോകനം നടത്തുമെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനങ്ങളുടെ അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Mahat­ma Gand­hi Nation­al Rur­al Employ­ment Guar­an­tee scheme : States to ensure more work­ing days
You may also like this video

Exit mobile version