Site iconSite icon Janayugom Online

നിയമസഭ സീറ്റിനായി മഹിളാകോൺഗ്രസ് നേതാക്കൾ കെ സി വേണുഗോപാലിനൊപ്പം; പരിഹാസവുമായി സമൂഹമാധ്യമം

നിയമസഭ ലക്ഷ്യമിട്ട് സംസ്ഥാന മഹിളാകോൺഗ്രസ് നേതാക്കൾ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദർശിച്ചുതിൽ പരിഹാസവുമായി സമൂഹമാധ്യമം. സംസ്ഥാന പ്രസിഡന്റ് ജെബിമേത്തർ എംപി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരാണ് വേണുഗോപാലിനെ ഡൽഹിയിലെ വീട്ടിൽ എത്തി കണ്ടത്. 

”ആസന്നമായിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മതിയായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബഹുമാന്യനായ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം. പിയെ ഞങ്ങൾ സന്ദർശിച്ചപ്പോൾ. അനുഭാവ പൂർണമായ മറുപടിയാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്” എന്ന അടികുറിപ്പോടെ ഷാനിമോൾ ഉസ്‌മാനാണ് വേണുഗോപാലിനൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. വനിതാ പ്രതിനിത്യമാണോ സ്വന്തം പ്രാതിനിത്യം ഉറപ്പാക്കാനാണോ സന്ദർശനമെന്ന് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചവർ നിരവധിയാണ്. അടുത്ത ദിവസങ്ങളിലെല്ലാം കേരളത്തിലുണ്ടായിരുന്നു വേണുഗോപാലിനെ കാണാൻ വനിതാ നേതാക്കൾ ഡൽഹിയിൽ പോയതിൽ ദുരൂഹതയുണ്ടെന്നും ഏത് സീറ്റിലായാലും മൂന്ന് പേരും എട്ട് നിലയിൽ പൊട്ടുമെന്നും പ്രതികരിച്ചവരുമുണ്ട്. 

ഷാനിമോൾ ഉസ്‌മാൻ അരൂരിൽ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. കൂടാതെ 2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ 19 സീറ്റിലും യുഡിഎഫ് വിജയിച്ചപ്പോൾ പരാജയപ്പെട്ട ഏക കോൺഗ്രസ് സ്ഥാനാർത്ഥിയും ഷാനിമോൾ ആയിരുന്നു. ഇത്തവണ അമ്പലപ്പുഴ, അരൂർ സീറ്റുകൾ ലക്ഷ്യമിട്ടാണ് ഷാനിമോളുടെ നീക്കം. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കൊല്ലത്ത് മുകേഷിനോട് മത്സരിച്ച ബിന്ദുകൃഷ്ണയും ദയനീയമായി പരാജയപ്പെട്ടു. ഇത്തവണ കൊല്ലം, ചാത്തന്നൂർ സീറ്റുകളിൽ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബിന്ദുവിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമാണുള്ളത്. ജെബിമേത്തർ 2022 ലാണ് രാജ്യസഭാ അംഗമായത്. ഇത്തവണ ആലുവ സീറ്റിലാണ് ജെബിയുടെ കണ്ണ്. മഹിളാ കോൺഗ്രസിലെ പല നേതാക്കളും അറിയാതെയാണ് മൂന്ന് നേതാക്കളുടെയും സന്ദർശനമെന്നാണ് പലരുടെയും പ്രവർത്തകരുടെയും ആക്ഷേപം. 

Exit mobile version