Site icon Janayugom Online

പുതിയ പോരാട്ടങ്ങള്‍ പ്രഖ്യാപിച്ച് മഹിളാസംഘം സമ്മേളനം

തീവ്രമായ പോരാട്ടങ്ങളുടെയും മഹത്തായ ത്യാഗങ്ങളുടെയും ജ്വലിക്കുന്ന സ്മരണകളിലാണ് കേരള മഹിളാസംഘത്തിന്റെ എണ്‍പതാം പിറന്നാള്‍ ഈ വര്‍ഷം നവംബര്‍ ആറിന് ആഘോഷിക്കാന്‍ പോകുന്നത്. ഈ അവസരത്തില്‍ തന്നെയാണ് പതിനാറാമത് സംസ്ഥാന സമ്മേളനം തൃശൂരില്‍ വച്ച് നടന്നത്.

സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന തൃശൂരിന്റെ മണ്ണില്‍ വച്ച് നടന്ന സമ്മേളനം തുടര്‍പോരാട്ടങ്ങള്‍ക്ക് വീര്യം പകരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി തുടര്‍ന്നുവരുന്ന ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും അനന്തരഫലങ്ങള്‍ സ്ത്രീകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഫാസിസ്റ്റ് ഭരണവ്യവസ്ഥ ഈ സാഹചര്യത്തിനൊത്ത് സ്ത്രീവിരുദ്ധത വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇത് ദാരിദ്ര്യത്തിന്റെ സ്ത്രീവല്‍ക്കരണം, സ്ത്രീകള്‍ക്കിടയില്‍ സാമൂഹികവും സാമ്പത്തികവും ലൈംഗികവുമായ പീഡനം, സ്ത്രീകളുടെ പൊതുവിലുള്ള അരക്ഷിതാവസ്ഥ എന്നിവ വളര്‍ത്തുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ തൊഴില്‍ മേഖലകളില്‍ നിന്നും സ്ത്രീകള്‍ പുറംതള്ളപ്പെടുന്നു.

കോവിഡ് മഹാമാരിയും തുടര്‍ന്നുള്ള സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ഭരണാധികാരികളുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അന്നന്ന് തൊഴില്‍ ചെയ്ത് ജീവിക്കുന്ന പാര്‍പ്പിടമില്ലാത്ത മനുഷ്യര്‍ പലായനം ആരംഭിച്ചു. വഴിയില്‍ രോഗബാധിതരായും ഭക്ഷണവും വെള്ളവും കിട്ടാതെയും വൃദ്ധരും കുഞ്ഞുങ്ങളും സ്ത്രീകളും വീണുമരിക്കുകയും ചെയ്തു. രാജ്യത്ത് സൗജന്യമായി തുടക്കത്തില്‍ ചികിത്സ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പകരം നരേന്ദ്രമോഡി ജനങ്ങളോട് തപ്പുകൊട്ടാനാണ് ആവശ്യപ്പെട്ടത്.

 


ഇതുകൂടി വായിക്കൂ; മറച്ചു പിടിക്കപ്പെട്ട യാഥാർത്ഥ്യങ്ങൾ


സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷമാക്കിയ ഇന്ത്യ, ജനസാമാന്യത്തിന് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത വിധം സമസ്ത മേഖലകളെയും തകര്‍ത്തെറിഞ്ഞിരിക്കുന്നു. ആരോഗ്യമുള്ള ശിശുക്കളെ പ്രസവിക്കാന്‍ ആവശ്യമായ ആരോഗ്യരക്ഷ അമ്മമാര്‍ക്കില്ലാത്തതിനാല്‍ കുട്ടികളില്‍ പോഷകക്കുറവും ശിശുമരണവും രൂക്ഷമായി വര്‍ധിക്കുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണപദ്ധതിക്കും സംയോജിത ശിശുവികസന സേവനങ്ങള്‍ക്കും വകയിരുത്തിയ ഫണ്ടുകള്‍ നിര്‍ദയം വെട്ടിക്കുറയ്ക്കുന്നു. ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷണം ലഭ്യമാകേണ്ട വിഭാഗങ്ങളില്‍ അര്‍ഹതപ്പെട്ട 40 കോടി പേരെ പൊതുവിതരണ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കി.

 

ഇന്ത്യയില്‍ ഭക്ഷണം വേണ്ടത്ര ലഭ്യമാവാത്ത പട്ടിണിപ്പാവങ്ങളില്‍ 68 ശതമാനം സ്ത്രീകളാണ്. വാക്ക് ഫ്രീ ഫൗണ്ടേഷന്റെ സ്ലേവറി ഇന്‍ഡക്സ് പറയുന്നത് നമ്മുടെ തൊഴിലാളികളില്‍ 55.5 ശതമാനം പട്ടിണിക്കാരാണ്. ഈ കൂട്ടത്തില്‍ 72.5 ശതമാനം സ്ത്രീകളാണ്. താല്‍ക്കാലിക ജോലികളും കരാര്‍ നിയമനങ്ങളും പുറംവാതില്‍ നിയമനങ്ങളും. കര്‍ഷകര്‍ ഇന്നും അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. കര്‍ഷക തൊഴിലാളി സ്ത്രീകള്‍ കാര്‍ഷിക മേഖല തകര്‍ന്നതിന്റെ ഭാഗമായി കൃഷി ഉപേക്ഷിച്ച് പട്ടിണിയിലാണ്.
വിലക്കയറ്റംകൊണ്ട് സ്ത്രീകള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കുതിച്ചുയരുന്ന വില നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പെട്രോള്‍, ഡീസല്‍, പാചകവാതക ഗ്യാസ്, അവശ്യസാധനങ്ങള്‍ സബ്സിഡി റേറ്റില്‍ നല്കാന്‍ തയാറാവുന്നില്ല. പന്ത്രണ്ട് വര്‍ഷത്തിനിടയ്ക്ക് ഏറ്റവുമുയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്. അച്ഛാദിന്‍ പ്രഖ്യാപിച്ച മോഡി സര്‍ക്കാരിന്റെ രാജ്യത്ത് സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരായിരിക്കണം എന്ന് നിര്‍ബന്ധം ഉള്ളതു കൊണ്ടുതന്നെയാണ് സ്ത്രീകളെ പാര്‍ലമെന്റിന്റെ പടിക്ക്പുറത്ത് നിര്‍ത്തിയിരിക്കുന്നത്. വാഗ്ദാനമല്ലാതെ, വനിതാസംവരണ ബില്‍ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കാന്‍, പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ബിജെപി തയാറാവുന്നില്ല. ഇത് സ്ത്രീവിരുദ്ധ കാഴ്ചപ്പാടിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള വെറുപ്പിന്റെ വിഷലിപ്തമായ പ്രചരണങ്ങളും ആക്രമണങ്ങളും വര്‍ധിച്ചുവരുന്നു. ഇതിന്റെയും ആത്യന്തിക ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്.


ഇതുകൂടി വായിക്കൂ; സ്ത്രീശാക്തീകരണവും കേരള മഹിളാ സംഘവും


 

ഇന്ത്യയെന്നത് സ്ത്രീകള്‍ക്ക് ഭയത്തിന്റെയും നാണക്കേടിന്റെയും രാജ്യമായി മാറിയിരിക്കുന്നു. സ്ത്രീപീഠനങ്ങളില്‍ വന്‍ വര്‍ധനവാണ് മോഡി ഭരണത്തിന്‍ കീഴില്‍ ഉണ്ടായിട്ടുള്ളത്. ലോകത്തുതന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. സ്ത്രീകളുടെ രക്ഷകനായി ഇറങ്ങിത്തിരിച്ച പ്രധാനമന്ത്രി പ്രതികളെ സംരക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് വാസ്തവം. ബില്‍കിസ് ബാനു, കഠ്‌വ, ഹത്രാസ്, ഉന്നാവോ, ഗുസ്തിതാരങ്ങളെ പീഡിപ്പിച്ച സംഭവങ്ങള്‍, മണിപ്പൂരിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെയും നീതിയുടെയും ഭാഗത്ത് ഒരിക്കലും പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല എന്നത് തുടങ്ങിയവ അനുഭവസാക്ഷ്യമാണ്. 2022 ഡിസംബര്‍ വരെയുള്ള നാഷണല്‍ ക്രെെം ബ്യൂറോ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നത് 65.4 ശതമാനം വര്‍ധനവ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഉണ്ടായി എന്നതാണ്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിച്ച് ആധുനികവല്‍ക്കരിക്കുകയും ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അവകാശങ്ങളുടെ കാര്യത്തില്‍ സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തേണ്ടതുമാണ്. സമുദായങ്ങള്‍ തമ്മിലുള്ള തുല്യതയ്ക്ക് ഉപരിയായി സമുദായത്തിനുള്ളിലുള്ള സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തുല്യതയാണ് നിയമനിര്‍മ്മാണത്തില്‍ ഉറപ്പുവരുത്തേണ്ടത്. ഭരണഘടനയെ അംഗീകരിക്കാത്ത ഭരണാധികാരികള്‍ സാമൂഹ്യഘടനയുടെയും നിയമങ്ങളുടെയും അടിത്തറയായി പരിഗണിക്കപ്പെടുന്നത് മനുസ്മൃതിയെയാണ്. അതുകൊണ്ടുതന്നെ വ്യക്തിനിയമങ്ങള്‍ക്ക് പകരമായി ഏകീകൃത സിവില്‍ കോഡ് എന്ന് പറയുമ്പോള്‍ സ്ത്രീകള്‍ ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ കരുതിയിരിക്കണം.

ബിജെപിയുടെ ലക്ഷ്യം ഒരു രാഷ്ട്രം, ഒരു സംസ്കാരം എന്നതാണ്. ഇന്ത്യയിലുടനീളം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന കലാപങ്ങളുടെ ലക്ഷ്യം വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്ത് അധികാരമുറപ്പിക്കുക എന്നതാണ്. ആ തന്ത്രം തന്നെയാണ് മണിപ്പൂരിലും ആവര്‍ത്തിക്കുന്നത്. ഭൂരിപക്ഷം വരുന്ന മെയ്തികളും ന്യൂനപക്ഷങ്ങള്‍ വരുന്ന കുക്കികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം നാല് മാസമായി തുടരുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകള്‍ ദുരിതമയമാണ്. ഇത്തരം സത്യങ്ങള്‍ തുറന്നു പറഞ്ഞു എന്നതിനാണ് ആനിരാജ, അഡ്വ. നിഷ സിദ്ദു എന്നിവരുടെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ എന്‍എഫ്ഐഡബ്ല്യുവും മഹിളാസംഘവും ഇനിയും പോരാട്ടങ്ങളുമായി മുന്നോട്ടു പോവും. 2020ലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി (അവകാശ സംരക്ഷണം) നിയമം ആ സമൂഹത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതില്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അവര്‍ക്ക് ഒബിസി ക്വാട്ടയ്ക്കുള്ളില്‍ സംവരണം നല്‍കാനുള്ള നിര്‍ദേശം അസ്ഥാനത്താണ്. അവര്‍ക്ക് സമാന്തരമായി സംവരണം നല്‍കേണ്ടതാണ്.

2020ലെ വാടക ഗര്‍ഭധാരണ നിയമവും 2021ലെ സഹായകരമായ പുനരുല്പാദന സാങ്കേതികവിദ്യാ(നിയന്ത്രണ) ബില്ലും മാതാപിതാക്കളാവാനുള്ള അവകാശം നിഷേധിക്കുന്നതുകൊണ്ട് അവയ്ക്കെതിരാണ്. ഒരേ ലിംഗക്കാര്‍ തമ്മിലുള്ള ബന്ധങ്ങളെ സുപ്രീംകോടതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയിട്ടും ഇവര്‍ക്കെതിരായ ആക്രമണം തുടരുകയാണ്. എല്‍ജിബിടിക്യുഐ — ഇവര്‍ക്കൊപ്പം മഹിളാസംഘം പോരാടേണ്ടതുണ്ട്. തുടങ്ങി വിവിധ വിഷയങ്ങളാണ് തൃശൂര്‍ സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തിയത്.
സംഘടനാപരമായ വിശദമായ അവലോകനങ്ങള്‍ക്കൊപ്പം ഈ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സാമൂഹ്യ വിഷയങ്ങളെല്ലാം സ്ത്രീകളുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതുകൊണ്ട് കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തീരുമാനിച്ചാണ് തൃശൂരില്‍ മഹിളാസംഘം സംസ്ഥാന സമ്മേളനം സമാപിച്ചത്.

Exit mobile version