Site iconSite icon Janayugom Online

മൈനാഗപ്പള്ളി അപകടം; ഒന്നാം പ്രതി അജ്മലിന്റെ ജ്യാമ്യാപേക്ഷ തള്ളി

വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ തിരുവോണ ദിവസം സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചിട്ടശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിന്റെ (29) ജ്യാമ്യാപേക്ഷ കോടതി തള്ളി.

അഡ്വ. നിഥിൻഘോഷ് മുഖാന്തിരമാണ് അജ്മലിനു വേണ്ടി ശാസ്താംകോട്ട ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. എന്നാൽ ജാമ്യം നൽകുന്നതിനെ അസി. പബ്ലിക് പ്രോസിക്യൂട്ടർ ശിഖ ശക്തമായി എതിർത്തു. പ്രതി പുറത്തിറങ്ങുന്നത് അയാൾക്കു തന്നെ അപകടകരമാണെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ഭർത്താവ് നൗഷാദിനു വേണ്ടി ഹാജരായ അഡ്വ. കണിച്ചേരി സുരേഷ് കോടതിയെ അറിയിച്ചു. തുടർന്നാണ് മജിസ്ട്രേറ്റ് ആർ നവീൻ ജാമ്യഹർജി തള്ളി ഉത്തരവായത്.

കേസിലെ രണ്ടാം പ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു. സംഭവ ദിവസം തന്നെ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി ഞായാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കുകയും വീണ്ടും റിമാന്റ് ചെയ്യുകയുമായിരുന്നു. 

Exit mobile version