നിക്ഷേപത്തിന്റെ ഒഴുക്കുകുറഞ്ഞതോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെല്ലാം പിരിച്ചുവിടലിന്റെ പാതയില്‍ തുടരുന്നു. 94 ഓളം പുതുതലമുറ കമ്പനികള്‍ 2022 തൊട്ട് ഇതുവരെ 27,103 ജീവനക്കാരെ പിരിച്ചുവിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെലവ് കുറയ്ക്കുന്നതിനും ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് കമ്പനികള്‍ പിരിച്ചുവിടലിനെ ആശ്രയിക്കുന്നത്. പല കമ്പനികളും നടപടികള്‍ പരസ്യമാക്കുന്നില്ല. അതുകൊണ്ടുതന്ന ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ എണ്ണം ഇനിയും കൂടാം. 2023 ല്‍ മാത്രം 54 സ്റ്റാര്‍ട്ടപ്പുകള്‍ 8,328 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 102 ആയി ഉയര്‍ന്നു. പ്രതിമാസം ശരാശരി പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ട്.
എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളിലാണ് ഏറ്റവും കൂടുതല്‍ പിരിച്ചുവിടല്‍ നടക്കുന്നത്. 2022 മുതല്‍ ഇതുവരെ 22 എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ ഒഴിവാക്കി. ഇവയില്‍ ഏഴെണ്ണം യൂണികോണ്‍ വിഭാഗത്തില്‍പ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളാണ്. ബൈജൂസ് 2022 ന്റെ തുടക്കം മുതല്‍ ഇതുവരെ 5000 ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഓല(2100), ബ്ലിങ്കിറ്റ് (1600), അണ്‍അക്കാദമി(1500), ലിഡോ(900), വേദാന്തു(1200) എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമായ ഫണ്ട് 2023 ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ അഞ്ചിലൊന്നായി കുറഞ്ഞിരുന്നു. 2022 ല്‍ ഇന്ത്യന്‍ എഡ്‌ടെക്ക് കമ്പനികള്‍ സ്വീകരിച്ച ഫണ്ടിങ്ങില്‍ 46 ശതമാനത്തിന്റെ കുറവുണ്ടായി. 2021 ല്‍ ഇവര്‍ 5.32 ബില്യണ്‍ ഡോളര്‍ ഫണ്ട് സ്വീകരിച്ചപ്പോള്‍ 2022 ല്‍ ഇത് 2.86 ബില്യണ്‍ ഡോളറായി ചുരുങ്ങി. നടപ്പ് വര്‍ഷത്തില്‍ 889 മില്യണ്‍ ഡോളറാണ് എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഷവോമിയിലും പിരിച്ചുവിടല്‍
ന്യൂഡല്‍ഹി: തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഷവോമി ഇന്ത്യ. ജീവനക്കാരുടെ എണ്ണം 1000 ആയി നിജപ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. വിപണി മൂല്യത്തിലെ കുറവും സര്‍ക്കാര്‍ ഏജൻസികളുടെ സൂക്ഷ്മ പരിശോധനയും പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തേണ്ട ആവശ്യകതയുമാണ് പിരിച്ചുവിടല്‍ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കമ്പനി പറയുന്നു.
2023ല്‍ 1400 മുതല്‍ 1500 പേര്‍ക്കാണ് ഷവോമി തൊഴില്‍ നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ആഴ്ച മാത്രം 30 ഓളം തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടു. തുടര്‍ന്നും പിരിച്ചുവിടല്‍ നടപടികള്‍ ഉണ്ടാകുമെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്പനയില്‍ ഒന്നാമതായിരുന്ന ഷവോമിക്ക് കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന് മുന്നില്‍ താഴേക്കിറങ്ങേണ്ടിവന്നിരുന്നു. തുടര്‍ച്ചയായ നികുതി പരിശോധനകളും മറ്റും കമ്പനിയുടെ പ്രവര്‍ത്തനവേഗം കുറയ്ക്കുകയും ചെയ്തിരുന്നു.
English Summary: major layoffs in the startup sector
You may also like this video

