രാജ്യത്തെ 85 ശതമാനത്തോളം കുട്ടികള്‍ സൈബര്‍ അധിക്ഷേപത്തിന് ഇരകളാകുന്നു. മക്അഫീ സൈബര്‍ ബുള്ളിയിങിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇന്ത്യയിലെ കുട്ടികള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തിന്റെ നിരക്ക് ആഗോള ശരാശരിക്കും മുകളിലാണ്.
രക്ഷാകര്‍ത്താക്കള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച്, രാജ്യത്തെ 42 ശതമാനം കുട്ടികള്‍ വര്‍ഗീയ സൈബര്‍ അധിക്ഷേപത്തിന് ഇരകളാകുന്നുണ്ട്. ആഗോളതലത്തില്‍ ഇത് 24 ശതമാനമാണ്. ട്രോളിങ് (32 ശതമാനം), വ്യക്തിപരമായ ആക്രമണം (29), ലൈംഗിക അധിക്ഷേപം(30), വ്യക്തിഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തല്‍ (28), സ്വകാര്യവിവരങ്ങള്‍ അനുമതിയില്ലാതെ പുറത്തുവിടുന്നത് (23 ശതമാനം) തുടങ്ങിയ രീതികളിലാണ് സൈബര്‍ അധിക്ഷേപം പ്രധാനമായും നടക്കുന്നത്. ഇന്ത്യയില്‍ ഇതെല്ലാം ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ സമൂഹമാധ്യമങ്ങളില്‍ നിന്നും മെസേജിങ് ആപ്പുകളില്‍ നിന്നും കുട്ടികള്‍ അധിക്ഷേപങ്ങളും ഭീഷണികളും നേരിടുന്നുണ്ടെന്നും ഇവര്‍ രക്ഷാകര്‍ത്താക്കളില്‍ നിന്ന് മറച്ചുപിടിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ ബുള്ളിയിങ് അപകടകരമായ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് മക്അഫീ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ഗഗന്‍ സിങ് പറഞ്ഞു. സൈബര്‍ വിഭാഗീയത, ലൈംഗികഭീഷണി, ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങി പത്തുവയസുള്ള മൂന്നില്‍ ഒരു കുട്ടി വീതം സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നതായി അദ്ദേഹം പറഞ്ഞു.
സൈബര്‍ അധിക്ഷേപത്തെ കുറിച്ച് കുട്ടികളും രക്ഷകര്‍ത്താക്കളും ബോധവാന്മാരല്ല. കുട്ടികളെ പറഞ്ഞുമനസിലാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും രക്ഷാകര്‍ത്താക്കളെ പ്രാപ്തമാക്കാനാണ് സര്‍വേ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 15നും ജൂലൈ അഞ്ചിനും ഇടയിലാണ് പത്തിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കളില്‍ നിന്ന് ഇ മെയില്‍ മുഖേനെ വിവരശേഖരണം നടത്തിയത്. അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, ഇന്ത്യ, കാനഡ, ജപ്പാന്‍ , ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 11,687 രക്ഷാകര്‍ത്താക്കളാണ് സര്‍വേയില്‍ പങ്കെടുത്തത്.
English Summary: Majority of India’s children face horrific cyber attacks, report says
You may like this video also