Site iconSite icon Janayugom Online

രാജ്യത്തെ ഭൂരിപക്ഷത്തിനും പോഷകാഹാരമില്ല

രാജ്യത്തെ ഭൂരിപക്ഷത്തിനും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ കലോറി ഉപഭോഗമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമുള്ള പ്രതിദിനം 2,325 കിലോ കലോറി പോലും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ക്ക് ലഭ്യമല്ല.
2023–24ല്‍ പ്രതിദിനം ശരാശരി 2,212 കിലോ കലോറി ഗ്രാമവാസി, 2,240 കിലോ കലോറി നഗരവാസി എന്നതോതിലായിരുന്നു ഉപഭോഗമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച ശരാശരി ഉപഭോഗത്തെക്കാള്‍ കുറവാണിത്. സ്ഥിതിവിവര പദ്ധതി നടപ്പാക്കല്‍ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) പുറത്തിറക്കിയ ന്യുട്രീഷണല്‍ ഇന്‍ടേക് ഇന്‍ ഇന്ത്യ എന്ന സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2022–23, 2023–24 വര്‍ഷങ്ങളിലെ ഫലങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അസം മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഗ്രാമങ്ങളിലെ ദൈനംദിന പ്രതിശീര്‍ഷ കലോറി ഉപഭോഗം കുറവാണെന്ന് 2009–10നും 2023–24നും ഇടയിലുള്ള പോഷകാഹാര ഉപഭോഗ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന, പ്രധാന്‍മന്ത്രി പോഷണ്‍ തുടങ്ങിയ പദ്ധതികളിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പോഷകാഹാരക്കുറവ് ആശങ്കയുണ്ടാക്കുംവിധം കുറവാണെന്നും ഇത് മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞ വേതനവും സാമ്പത്തിക വ്യവസ്ഥയും തൊഴിലില്ലായ്മയും ആണ് ഈ ദുരിതാവസ്ഥയ്ക്ക് കാരണം. 

ആകെ 2.62 ലക്ഷം ആളുകളിലാണ് സര്‍വേ നടത്തിയത്. അതില്‍ 1.55 ലക്ഷം പേര്‍ ഗ്രാമങ്ങളിലും 1.07 ലക്ഷം നഗരങ്ങളിലുമുള്ളവരായിരുന്നു. പ്രതിദിനം 2,325 കിലോ കലോറി എന്ന കുറഞ്ഞ ഊര്‍ജ ഉപഭോഗ മാനദണ്ഡം 2017–18ലാണ് നിലവില്‍ വന്നത്. ഏറ്റവും ദരിദ്രരായ അഞ്ച് ശതമാനം പേര്‍ ശരാശരി 1,688 കിലോ കലോറി ഗ്രാമങ്ങളിലും 1,606 കിലോ കലോറി നഗരങ്ങളിലും ഉപയോഗിക്കുന്നു. എന്നാല്‍ ഏറ്റവും സമ്പന്നരായ അഞ്ച് ശതമാനം 2,942 കിലോ കലോറി ഗ്രാമങ്ങളിലും 3,092 കിലോ കലോറി നഗരങ്ങളിലും ഉപയോഗിക്കുന്നു. അതായത് രാജ്യത്തെ ഗ്രാമ, നഗരങ്ങളില്‍ ജനസംഖ്യയുടെ ഏകദേശം 60–70% പേരുടെ ഉപഭോഗം 2,325 കിലോ കലോറി എന്ന മാനദണ്ഡത്തിന് താഴെയാണ്. ദരിദ്രരായ അഞ്ച് ശതമാനത്തില്‍ ഏകദേശം 44 ഗ്രാം പ്രോട്ടീന്‍ ഗ്രാമങ്ങളിലും 46 ഗ്രാം പ്രോട്ടീന്‍ നഗരങ്ങളിലും ലഭിക്കുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സമ്പന്നരായ അഞ്ച് ശതമാനം പേരുടെ പോഷകാഹാര ഉപഭോഗം 86 ഗ്രാമാണ്. വരുമാനത്തിനനുസരിച്ച് ഉപഭോക്താവിന് ലഭിക്കുന്ന പോഷകാഹാരത്തിന്റെ നിലവാരത്തില്‍ വ്യത്യാസമുണ്ടാകും. ഗ്രമങ്ങളിലെ അഞ്ച് ശതമാനം ദരിദ്രരില്‍ പോഷകാഹാരത്തിന്റെ 56% ധാന്യങ്ങളില്‍ നിന്നും ആറ് ശതമാനം പാല്‍, പാലുല്പന്നങ്ങളില്‍ നിന്നും, ഒമ്പത് ശതമാനം മുട്ട, മത്സ്യം, മാംസം എന്നിവയില്‍ നിന്നുമാണ്. 

ഗ്രാമങ്ങളിലെ സമ്പന്നരായ അഞ്ച് ശതമാനം ധാന്യങ്ങളില്‍ നിന്ന് 34 ശതമാനവും പാല്‍ പാലുല്പന്നങ്ങളില്‍ നിന്ന് 15%വും മുട്ട, മത്സ്യം, മാംസം എന്നിവയില്‍ നിന്ന് 17%വും പ്രോട്ടീന്‍ നേടുന്നു. ദരിദ്രകുടുംബങ്ങള്‍ ധാന്യങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ഇത് പ്രോട്ടീനുകളുടെ കുറവിന് കാരണമാകുന്നു. ദരിദ്രര്‍ക്കും ധനികര്‍ക്കും പ്രോട്ടീന്റെ ഒമ്പത് ശതമാനം പയര്‍വര്‍ഗങ്ങളില്‍ നിന്നാണ് കിട്ടുന്നത്. ഗ്രാമങ്ങളിലെ ഏറ്റവും ദരിദ്രരായ അഞ്ച് ശതമാനം പ്രതിദിനം 36 ഗ്രാം കൊഴുപ്പും നഗരങ്ങളിലുള്ളവര്‍ പ്രതിദിനം 42 ഗ്രാമും ഉപയോഗിക്കുന്നു. ഗ്രാമങ്ങളിലെ ഏറ്റവും സമ്പന്നരായ അഞ്ച് ശതമാനം പ്രതിദിനം ഏകദേശം 96 ഗ്രാം കൊഴുപ്പും നഗരങ്ങളില്‍ 102 ഗ്രാമില്‍ കൂടുതലും കഴിക്കുന്നു. ഇതില്‍ നിന്ന് ദരിദ്രരും സമ്പന്നരും തമ്മിലുള്ള അസമത്വം വ്യക്തമാകും. 

Exit mobile version