Site icon Janayugom Online

മകരവിളക്ക് ദർശനം ഇന്ന്; സന്നിധാനത്ത് ഭക്തജന തിരക്ക്

മകരവിളക്ക് ദർശനത്തിന് ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തർ നിറഞ്ഞു. വൈകിട്ട് 6.30ന്‌ ദീപാരാധനയ്ക്കുശേഷം മകരവിളക്ക് ദര്‍ശനം. തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നാണ് തിരുവാഭരണം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങുക. 

തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ദീപാരാധനയ്ക്കും മകരവിളക്കിനുംശേഷം രാത്രി 8.45ന്‌ മകരസംക്രമ പൂജ നടക്കും. നെയ്യഭിഷേകവും തിരുവാഭരണങ്ങൾ അണിഞ്ഞുള്ള വിഗ്രഹ ദർശനവുമുണ്ടാകും. 

സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ നിലയുറപ്പിച്ചിട്ടുണ്ട്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കി. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. തീർഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.

Eng­lish Summary:Makaravilak Dar­shan today; San­nid­hanam is crowd­ed with devotees
You may also like this video

Exit mobile version