Site icon Janayugom Online

ന്യൂനപക്ഷങ്ങളെ രണ്ടാം നിരയിലാക്കുന്നത് വിഭജനം സൃഷ്ടിക്കും: രഘുറാം രാജന്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മാരായി കണക്കാക്കുന്നത് രാജ്യത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്ത് അത് വിഭജനം സൃഷ്ടിക്കും. ആഭ്യന്തരമായി തര്‍ക്കങ്ങള്‍ക്കും വിള്ളലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അത് കാരണമാകുമെന്ന് രഘുറാം രാജന്‍ പറയുന്നു. ഭൂരിപക്ഷ ഭരണത്തെയും ഏകാധിപത്യ ഭരണത്തെയും നേരിടാനുള്ള സമയമായെന്ന് അദ്ദേഹം വ്യക്തമാക്കി.
വലിയ ഭൂരാഷ്ട്രീയത്തിന്റെ യുഗമാണിത്. ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു സമയത്ത് രണ്ടാം നിര പൗരന്മാരാക്കുന്നത് നമ്മളെ ആക്രമിക്കാന്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ അവസരമൊരുക്കുന്നത് പോലെയാകും. വിദേശ ഇടപെടലും ഇതിലൂടെയുണ്ടാവുമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.
ശ്രീലങ്കയിലെ തന്നെ ആഭ്യന്തര സാഹചര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. അവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് മാത്രമല്ല ന്യൂനപക്ഷങ്ങളെ അവര്‍ ആക്രമിക്കാനും നോക്കി. അവരെ നല്ലതിലേക്ക് അല്ല അത് നയിച്ചതെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെ ആ രീതിയില്‍ തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനെ ഒരിക്കലും ദുര്‍ബലമാക്കാന്‍ ശ്രമിക്കരുത്. വളര്‍ച്ചയ്ക്ക് ഏകാധിപത്യ നേതൃത്വം വേണമെന്നത് അസംബന്ധമാണ്. അത് വികസനത്തിന്റെ ഏറ്റവും പഴകിയ മോഡലാണ്. അത് ജനങ്ങളെയും അവരുടെ ചിന്തയെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്നും രഘുറാം രാജന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Mak­ing minori­ties sec­ond class will cre­ate divi­sion: Raghu­ram Rajan

You may like this video also

Exit mobile version