ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണവർ. സങ്കുചിത ചിന്താഗതിയോടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്നും ചില സംഭവങ്ങളെ വെട്ടിമാറ്റുകയും ചെയ്യുന്നു. ഇക്കാര്യങ്ങൾ വരുംതലമുറ മനസ്സിലാക്കണം.
അവർക്ക് രാജ്യത്തിന്റെ നേരായ ചരിത്രം മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎൻഎ ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ സ്‌മാരകമന്ദിരം ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യസമരമെന്നത് എല്ലാമതങ്ങളിൽപ്പെട്ടവരും പെടാത്തവരും വ്യത്യസ്‌ത രാഷ്ട്രീയ ചിന്തകൾ പുലർത്തിയവരുമെല്ലാം ഉൾച്ചേർന്ന ദേശീയ പ്രസ്ഥാനമാണ്. ഇതിനെ വർഗീയമായി വക്രീകരിച്ച് ചരിത്രത്തെ വിദ്വേഷം പടർത്താനുള്ള ഉപാധിയാക്കാൻ ചിലർ ശ്രമിക്കുന്നു. അതിനെതിരെ ജാഗ്രത വേണം.തൂക്കുമരത്തിലേക്ക് നടക്കുമ്പോൾ ഒരു അപേക്ഷ മാത്രമാണ് വക്കം ഖാദർ മുന്നോട്ടുവച്ചത്.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഹിന്ദു സഹോദരനോടൊപ്പം തൂക്കിലേറ്റണമെന്നായിരുന്നു അത്. ഹിന്ദു–-മുസ്ലിം മൈത്രിക്ക് മാതൃകയാകണമെന്നായിരുന്നു ഖാദറിന്റെ നിർബന്ധം. ഇത് ഇക്കാലത്ത് വളരെ പ്രസക്തമാണ്. മതസൗഹാർദം വെല്ലുവിളിക്കപ്പെടുകയും വർഗീയതയുടെ വിദ്വേഷം പടരുകയും ചെയ്യുന്ന കാലമാണ് ഇത്. ഈ കാലഘട്ടത്തിൽ ഖാദറിന്റെ കാഴ്‌പ്പാട് മഹത്തരമാണ്. ഭഗത് സിങ് മുതൽ വക്കം ഖാദർ വരെയുള്ള ത്യാഗധനരുടെ ജീവന്റെ വിലയാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും അനുഭവിക്കുന്ന ഓരോ നിമിഷവും സ്വാതന്ത്ര്യസമര സേനാനികളെ സ്‌മരിക്കണം.
അവർ കൊണ്ട വെയിലാണ് നമ്മുടെ തണലായത്. അവരെ മറക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഫൗണ്ടേഷൻ ആരംഭിക്കുന്ന പഠനഗവേഷണ കേന്ദ്രത്തിനും സർക്കാരിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫൗണ്ടേഷൻ പ്രസിഡന്റ് എം എം ഹസ്സൻ അധ്യക്ഷനായി. വർക്കിങ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, മന്ത്രി ആന്റണി രാജു, ബി എസ് ബാലചന്ദ്രൻ, എം എം ഇക്‌ബാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം എന്നിവർ സംസാരിച്ചു. ഐഎൻഎ ഹീറോ വക്കം ഖാദർ ദേശീയ പുരസ്‌കാര ജേതാവ് എം എ യൂസഫലിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. തലസ്ഥാനത്ത് എത്തുമ്പോൾ പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് യൂസഫലി അറിയിച്ചു.
English Summary:
Making spies into freedom fighters: CM
You may also like this video: