Site iconSite icon Janayugom Online

മലബാർ ഗോൾഡ് ജ്വല്ലറിയിലെ മോഷണം പ്രതി അറസ്റ്റിൽ

മലബാർ ഗോൾഡ് ജ്വല്ലറിയിൽ നിന്നും ആറ് പവൻ വരുന്ന സ്വർണ ചെയിൻ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി കല്ലൻ കോട്ടിൽ വീട്ടിൽ കെ മുഹമ്മദ് ജാബിർ (28 ) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 25 ന് രാവിലെ ജ്വല്ലറിയിൽ ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ മോഷ്ടാവ് സെയിൽസ് മാനോട് ചെയിനുകൾ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ ഒരു ചെയിൻ മാറ്റിവെക്കാൻ ആവശ്യപ്പെട്ട ശേഷം വീട്ടുകാരെയും കൂട്ടിവരാമെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്നും പോവുകയായിരുന്നു. രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ചെയിൻ നഷ്ടപ്പെട്ടതായി മനസിലായത്. ജ്വല്ലറിയിലെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ചെയിൻ വാങ്ങുന്നതിനായി എത്തിയ യുവാവ് സെയിൽസ് മാൻ മറ്റ് ആഭരണങ്ങൾ മാറ്റിവെക്കുന്ന സമയം ചെയിൻ തന്ത്രപരമായി പോക്കറ്റിലിട്ട് സമർത്ഥമായി കടന്നു കളയുന്നത് വ്യക്തമായി. 

മലബാർ ഗോൽഡ് ജ്വല്ലറി ഡെപ്യൂട്ടി മാനേജർ ഷിജിലിന്റെ പരാതിയിൽ അന്വേഷണമാരംഭിച്ച പൊലീസ് പ്രതിയുടെ വ്യക്തമായ ക്യാമറ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്നാണ് പ്രതി പെരിന്തൽമണ്ണയിൽ ഉണ്ടെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീലാ വാസുദേവൻ, സാബുനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജുനൈസ്, രജീഷ് സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് യു സി, അബ്ദുൽ സമദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Exit mobile version