Site iconSite icon Janayugom Online

മലബാര്‍ സമരപോരാളികളുടെ പേര് ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിച്ചു

സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിൽ നിന്ന് മലബാർ സമരപോരാളികളെ ഇന്ത്യയുടെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസർക്കാർ പിന്‍വാങ്ങി. മലബാർ സമരപോരാളികളുടെ പേര് നീക്കം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി കിഷൻ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.

ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് ആലി മുസ്‌ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ പേരുകൾ ഒഴിവാക്കാനായിരുന്നു കേന്ദ്രനീക്കം. ഇവരടക്കം 387 രക്തസാക്ഷികളുടെ പേരുകൾ നീക്കം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. മലബാർ സ്വാതന്ത്ര്യ സമരപോരാളികളെ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കാൻ കാരണമാകുന്ന എന്ത് പുതിയ തെളിവുകളാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് പി വി അബ്ദുൽ വഹാബ് എംപി രാജ്യസഭയിൽ ചോദിച്ചു. ഇതിന് മറുപടിയായാണ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ല എന്ന് മന്ത്രി പറഞ്ഞത്.

മാതൃരാജ്യത്തെ മോചിപ്പിക്കാനുള്ള മലബാർ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗസന്നദ്ധതയെ അംഗീകരിക്കാനും അഭിനന്ദിക്കാനും രാജ്യം തയാറാകണമെന്ന് ശൂന്യവേളയിൽ അബ്ദുൽ വഹാബ് ആവശ്യപ്പെട്ടപ്പോൾ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു അതിനെ പിന്തുണച്ച് രംഗത്തുവന്നു.

1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാൽ നീക്കം ചെയ്യാൻ മലബാർ സമര സേനാനികളുടെ പേര് നീക്കം ചെയ്യണമെന്നായിരുന്നു ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടെ ശുപാർശ. മതപരിവർത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാർ സമരത്തെക്കുറിച്ച് സമിതി പറയുന്നത്. സമരക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങൾ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി പറയുന്നു.

നേരത്തെ 2020 ൽ പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും ഉൾപ്പെട്ടിരുന്നു. ഡിക്‌ഷണറി ഓഫ് മാർട്ടയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉൾപ്പെട്ടിരുന്നത്. 2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയത്.

eng­lish sum­ma­ry; mal­abar rebel­lion leaders

you may also like this video;

Exit mobile version