Site icon Janayugom Online

റംസാൻ വിഭവങ്ങളിലെ 
മലബാർ രുചി മാന്നാറിലും

റംസാനിലെ നോമ്പ് പോലെ തന്നെ നോമ്പുതുറക്കും പ്രത്യേക പ്രാധാന്യം ഉണ്ട്. വിത്യസ്ത വിഭവങ്ങളാണ് നോമ്പുതുറക്ക് വിളമ്പുന്നത്. മുമ്പ് വീടുകളിൽ ഇഫ്താർ വിഭവങ്ങൾ തയ്യാറാക്കിയിരുന്നെങ്കിൽ ഇന്ന് ആവശ്യമുള്ള വിഭവങ്ങൾ ഓർഡർ നൽകി വാങ്ങുകയാണ്.

മലബാർ വിഭവങ്ങൾക്കാണ് നോമ്പ്തുറയിൽ ഏവർക്കും പ്രിയം. മാന്നാർ മാർക്കറ്റ് ജംഗ്ഷന്സമീപം മലബാറിന്റെ പാരമ്പര്യ രുചിയിലുള്ള റംസാൻവിഭവങ്ങൾ തയ്യാർചെയ്ത് വിപണനം നടത്തുകയാണ് എ ജെ കാറ്ററിംഗിലെ ഷമീർ എൻ ജെ, നിസാമുദ്ദീൻ, ഷാഹുൽഹമീദ്, റഫീഖ് കുന്നേൽ എന്നിവർ. രാവിലെ ലഭിക്കുന്ന ഓർഡർ അനുസരിച്ച് വൈകിട്ട് നാലുമണിമുതൽ വിഭവങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കായിരിക്കും.

ഉന്നക്കായ, കിളിക്കൂട്, കായപ്പോള, കട്ലറ്റ്, സമൂസ, മീറ്റ്റോൾ എന്നിവയാണ് പ്രധാന വിഭവങ്ങൾ. മലബാർ സ്പെഷ്യൽ വിഭവങ്ങളായ ഉന്നക്കായയും കിളിക്കൂടിനും കായപ്പോളക്കുമാണ് കൂടുതൽ ആവശ്യക്കാരെന്ന് എ ജെ കാറ്ററിംഗ് ഉടമയും മാന്നാർ പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറിയുമായ നവാസ് ജലാൽ പറയുന്നു. ഉന്നക്കായക്കും കായപ്പോളക്കും ഏറെ ഡിമാന്റാണ്. കണ്ടാൽ ഒരുകിളിക്കൂട് പോലെതന്നെയിരിക്കുന്ന കിളിക്കൂടിനും ആവശ്യക്കാരേറെയാണ്. മലബാർ വിഭവങ്ങളോടൊപ്പംതന്നെ നാടൻ വിഭവങ്ങളായ ഉഴുന്നുവട, ഉള്ളിവട, പഴംപൊരി എന്നിവയും തയ്യാർ ചെയ്ത് നൽകുന്നുണ്ട്.

Exit mobile version