Site iconSite icon Janayugom Online

ആശുപത്രി പരിസരത്തെ ഗതാഗത തടസ്സം; 12 കടകള്‍ പൊളിച്ചു നീക്കുന്നു

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ബുധനാഴ്ച രാവിലെ പത്തിന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്‍. അത്യാഹിത വിഭാഗത്തിന്റെ ഇരുഗേറ്റുകള്‍ക്കിടയിലുള്ള 12 കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്.

റോഡിലെ ഗതാഗത തടസ്സവും, തിരക്കും പരിഹരിക്കാനാണ് വഴിയോരത്തുള്ള കടകള്‍ പൊളിച്ചു മാറ്റുന്നത്. കടകളുടെ മേല്‍ക്കൂരയും ഷീറ്റുകളും നഗരസഭ ജീവനക്കാര്‍ പൊളിച്ചുമാറ്റി. വ്യാഴാഴ്ചക്കകം സാധനങ്ങള്‍ പൂര്‍ണമായും മാറ്റി സ്ഥലത്ത് നിന്ന് മാറാനും കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം പൂര്‍ണമായും നിരപ്പാക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.

അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള തെരുവോര കച്ചവടം അവസാനിപ്പിച്ച് കടകള്‍ ഒഴിയാന്‍ കടയുടമകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ശേഷം കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഏഴ് ദിവസത്തിനകം മാറണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും കടകള്‍ ഒഴിയാതെ വന്നതോടെയാണ് നഗരസഭ നടപടികള്‍ കടുപ്പിച്ചത്. കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും കൗണ്‍സില്‍ യോഗവും തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒഴിപ്പിക്കല്‍. വീതി കുറഞ്ഞ റോഡിലുള്ള കച്ചവടങ്ങള്‍ ആശുപത്രിയിലേക്കെത്തുന്നവര്‍ക്ക്  പ്രയാസം സൃഷ്ടിച്ചിരുന്നു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി അബ്ദുല്‍ ഖാദര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എസ് ബിജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി വി സതീഷ്, ടി അബ്ദുല്‍റഷീദ്, സി നസറുദ്ധീന്‍ എന്നിവരും ശൂചീകരണ വിഭാഗം ജീവനക്കാരും നേതൃത്വം നല്‍കി.

Exit mobile version