Site iconSite icon Janayugom Online

ആലപ്പുഴയില്‍ അതിഥിത്തൊഴിലാളികൾക്ക് മലേറിയ സ്ഥിരീകരിച്ചു

ജില്ലയിൽ നാല് അതിഥിത്തൊഴിലാളികൾക്കു മലേറിയ സ്ഥിരീകരിച്ചു. അരൂരിൽ ഭക്ഷ്യസംസ്കരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് ഉത്തർപ്രദേശ് സ്വദേശികൾക്കും രണ്ട് രാജസ്ഥാൻ സ്വദേശികൾക്കുമാണു രോഗം സ്ഥിരീകരിച്ചത്. രണ്ടു മാസത്തിനിടെ നാട്ടിൽ പോയി മടങ്ങിയെത്തിയ ഇവർക്ക് കേരളത്തിനു പുറത്തുനിന്നാണു രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

തുടർന്നു നടത്തിയ പരിശോധനയിൽ മലേറിയ സ്ഥിരീകരിച്ചു. നിലവിൽ നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൂന്നു മാസം മുൻപ് അരൂരിൽ രണ്ട് ഒഡീഷ സ്വദേശികൾക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. അനോഫിലിസ് കൊതുകുകളാണു രോഗം പരത്തുന്നത്. ഇടവിട്ടുള്ള ശക്തിയായ പനി, വിറയൽ, പനി മാറുമ്പോഴുള്ള അമിതമായ വിയർപ്പ്, തലവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയാണു ലക്ഷണങ്ങൾ.

Exit mobile version