Site iconSite icon Janayugom Online

കണികാണാന്‍ ഒരുങ്ങി മലയാളി; തെരുവ് കയ്യടക്കി കൃഷ്ണവിഗ്രഹങ്ങള്‍

നീലയും വെള്ളയും മഞ്ഞയും സ്വര്‍ണ്ണ ‚കോപ്പര്‍ വർണങ്ങളും ഒന്നിച്ചുചേരുന്ന വൈവിധ്യമാർന്ന കൃഷ്ണവിഗ്രഹങ്ങൾ വഴിയോരക്കച്ചവടത്തിൽ ഹൃദയത്തിന് കണിയാകുന്ന സുന്ദരകാഴ്ചയാണ്. ശ്രീകൃഷ്ണൻ മലയാളിയുടെ സ്വന്തമെന്ന് പറയുമ്പോഴും കൃഷ്ണന്റെ ലാവണ്യം അച്ചിലിട്ട് വാർത്തെടുക്കുന്നത് രാജസ്ഥാനിൽ നിന്നുള്ള ഒരു കൂട്ടം തൊഴിലാളികൾ. വിഷുവിന് മുന്പ് രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽനിന്ന് കൂട്ടമായി അവർ എത്തും. കേരളത്തിൽ ഏതെങ്കിലുമിടത്ത് തമ്പടിച്ച് ലക്ഷക്കണക്കിന് കൃഷ്ണനെയാണ് തയ്യാറാക്കുന്നത്. ഇക്കുറിയും ആലപ്പുഴ ചേര്‍ത്തല എസ് എൻ കോളേജിന് സമീപത്ത് തമ്പടിച്ചാണ് താമസം. ഇതിനായി കൂട്ടമായെത്തുന്നവരിൽ കുടുംബങ്ങളുമുണ്ട്. 

സ്ത്രീകൾ ആഹാരം പാകം ചെയ്യുമ്പോൾ രാപകൽ വ്യത്യാസമില്ലാതെ പുരുഷന്മാർ കൃഷ്ണനെ തയ്യാറാക്കുന്നു. ജില്ലയില്‍ താല്‍ക്കാലിക താമസസ്ഥലത്തോട് ചേർന്നുതന്നെയുള്ള ഷെഡിൽ കുറച്ചുപേർ ശില്പങ്ങൾ നിർമിക്കും. ബാക്കിയുള്ളവർ വിൽപ്പനയ്ക്ക് പോകുമെന്നതാണ് രീതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നിങ്ങനെ വിവിധ ജില്ലകളിലായി പല പ്രദേശങ്ങളിൽ കച്ചവടം നടത്തുന്നു. പ്ളാസ്റ്റർ ഓഫ് പാരീസിലാണ് നിർമിക്കുന്നത്. 300 രൂപയിൽ തുടങ്ങുന്ന വിഗ്രഹങ്ങളുടെ വില, നിറവും വലുപ്പവും മാറുന്നതിനൊപ്പം വിലയും മാറും. ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്300–650 രൂപയുടെ കൃഷ്ണനാണ്. വലുപ്പമുള്ള വിഗ്രഹവിൽപ്പന കുറവാണ്. എന്നാൽ അപൂർവമായി വലിയ വിഗ്രഹങ്ങൾ തേടിവരുന്നവരുമുണ്ട്. 

അതുകൊണ്ട് അതും നിർമിക്കുമെന്ന് അവര്‍ പറയുന്നു. വർഷം മുഴുവൻ കൃഷ്ണവിഗ്രഹം വിൽക്കുമെങ്കിലും വിഷു സമയത്താണ് കൂടുതൽ വിൽപ്പന. വിഷുവിന് രണ്ടാഴ്ച മുന്‍പാണ് കൂടുതൽ കൃഷ്ണവിഗ്രഹം വിൽപ്പനയ്ക്ക് എത്തിക്കുന്നത്. നഗരങ്ങളിലാണ് കൂടുതൽ വിൽപ്പന. വാങ്ങുന്നവരുടെ ഇഷ്ടങ്ങളിൽ കൃഷ്ണരൂപത്തിന് മാറ്റമുണ്ട്. സ്ത്രീകൾ വിവിധ വർണങ്ങൾ ചേർന്ന വിഗ്രഹങ്ങൾ വാങ്ങുമ്പോൾ പ്രായമായവർക്ക് താല്‍പര്യം നീലനിറമാണ്.നാട് രാജസ്ഥാനാണെങ്കിലും അന്നം നൽകുന്നത് കേരളത്തിലെ ഉത്സവകാലമാണിവർക്ക്. 

Exit mobile version