Site iconSite icon Janayugom Online

അവധിക്കാലത്ത് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ നെട്ടോട്ടം

വേനലവധിയും ചെറിയ പെരുന്നാളും വിഷുവും ഒന്നിച്ചെത്തിയതോടെ നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടത്തിലാണ് മറുനാടൻ മലയാളികൾ. ബംഗളൂരു, ചെന്നെെ എന്നിവിടങ്ങളിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ടിക്കറ്റിനായി റെയിൽവേയെ സമീപിക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റ് 100ന് മുകളിലാണ്. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. തിരുവനന്തപുരത്തു നിന്ന് വടക്കോട്ടുള്ള ട്രെയിനിലൊന്നും ഏപ്രിൽ ആദ്യവാരം വരെ രാത്രികാല യാത്രയ്ക്ക് ടിക്കറ്റ് കിട്ടാനില്ല. ടിക്കറ്റ് ബുക്കിങ് പോലും സാദ്ധ്യമല്ലാത്തവിധം ‘റിഗ്രെറ്റ് ’ എന്നാണ് കാണിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് പോകുന്ന ഏറനാട്, പരശുറാം എക്സ‌പ്രസുകളിൽ മാർച്ച് അവസാനവാരം വരെ ടിക്കറ്റ് ഫുള്ളായി കഴിഞ്ഞു. 

ഇതോടെ എങ്ങനെ നാടുപിടിക്കുമെന്ന ആശങ്കയിലാണ് മലബാറിലുള്ളവർ. ഓൺലൈനായി തത്കാൽ ടിക്കറ്റിനു ശ്രമിച്ചാൽ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. തത്കാൽ ബുക്കിങ് ആരംഭിച്ച് 2–3 മിനിറ്റിലാണ് ടിക്കറ്റുകൾ തീരുന്നത്. ബുക്കിങ് ആരംഭിച്ചതിനു പിന്നാലെ ഐആർസിടിസി വെബ്സൈറ്റ് ഹാങ് ആകുന്നതും പതിവാണ്. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റെടുക്കാൻ പുലർച്ചെ നാലിനോ അഞ്ചിനോ എത്തിയാലും രക്ഷയില്ലെന്നാണ് യാത്രക്കാർ പറയുന്നത്. കെഎസ്ആര്‍ടിസി ദീർഘദൂര ബസുകളിലെ സ്ഥിതിയും ഇതുതന്നെയാണ്. മിക്ക ബസുകളിലും ബുക്കിങ് പൂർണമായി.
ട്രെയിൻ‑കെഎസ്ആർടിസി ടിക്കറ്റുകളേക്കാൾ താരതമ്യേന ഉയർന്ന നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. എന്നിട്ടും ടിക്കറ്റുകൾ അതിവേഗം വിറ്റുപോകുന്നു. സ്വകാര്യ ബസിലെ ടിക്കറ്റ് നിരക്കുകൾ സീസൺ അനുസരിച്ച് തോന്നും പോലെയാണെന്ന ആക്ഷേപമുണ്ട്.

Exit mobile version