Site icon Janayugom Online

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം മിന്നു മണി

ഇംഗ്ലണ്ട് എ ടീമിനെതിരായ വനിതാ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം മിന്നു മണി. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഈ മാസം 29ന് ആണ് ആദ്യ മത്സരം. ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലാണ് മറ്റു മത്സരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള മറ്റുതാരങ്ങള്‍.

മിന്നുവാണ് ടീമിലെ ഏക മലയാളി താരവും. ഈ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിനെതിരെയാണ് വയനാട് സ്വദേശിയായ മിന്നു അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയത്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്താനും മിന്നുവിന് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും ടി20കളില്‍ രണ്ട് വീതവും വിക്കറ്റാണ് മിന്നു സ്വന്തമാക്കിയത്. പരമ്പരയില്‍ 11 ഓവറുകളില്‍ 58 റണ്‍സ് വിട്ടുകൊടുത്താണ് മിന്നു അഞ്ച് ബംഗ്ലാ താരങ്ങളെ പുറത്താക്കിയത്.

ബംഗ്ലാദേശിന് എതിരായ ആദ്യ ടി20യില്‍ തന്റെ നാലാം പന്തില്‍ വിക്കറ്റ് നേടി വരവറിയിച്ച മിന്നു പിന്നീടുള്ള രണ്ട് മത്സരങ്ങളിലും രണ്ട് വീതം വിക്കറ്റ് നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആകെ അഞ്ച് വിക്കറ്റുമായി തിളങ്ങുകയായിരുന്നു. ഇതുവരെ സീനിയര്‍ ടീമിനായി നാല് മത്സരങ്ങള്‍ കളിച്ചു. ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ടി20 ടീമിലും താരം അംഗമായിരുന്നു. കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. 16-ാം വയസിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്.

Eng­lish Sum­ma­ry: Malay­ali play­er Min­nu Mani is India A team captain
You may also like this video

Exit mobile version