Site icon Janayugom Online

മലയാളി വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി പ്രത്യുഷ (24), കൊല്ലം ഉളിയക്കോവിൽ സ്വദേശി സിദ്ധാർത്ഥ് സുനിൽ (24) എന്നിവരാണ് തടാകത്തില്‍ വീണ് മരിച്ചത്. ഇരുവരും റഷ്യയിലെ സ്മോളൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാനവര്‍ഷ വിദ്യാർത്ഥികൾ ആയിരുന്നു.
തടാകത്തിന്റെ കരയിൽനിന്ന് സെൽഫി എടുക്കുകയായിരുന്ന പ്രത്യുഷ കാൽ വഴുതി വീണപ്പോള്‍ രക്ഷിക്കാൻ ശ്രമിച്ച സിദ്ധാർത്ഥും അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. 

കോളജില്‍ നിന്നും അഞ്ചംഗ സംഘമാണ് ശനിയാഴ്ച യൂണിവേഴ്സിറ്റിക്ക് സമീപമുള്ള തടാകക്കരയിലേക്ക് പോയത്. കൂട്ടുകാര്‍ക്കൊപ്പം തടാകം കാണാന്‍ പോകുന്നതായി പ്രത്യുഷ വീട്ടില്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നു. ആഴം കുറഞ്ഞ ഭാഗത്താണ് ഇവര്‍ തടാകത്തില്‍ ഇറങ്ങിയത്. പ്രത്യുഷയാണ് ആദ്യം വെള്ളത്തില്‍പ്പെട്ടത്. രക്ഷപ്പെടുത്തുന്നതിന് ശ്രമിച്ച സിദ്ധാര്‍ത്ഥും അപകടത്തില്‍പ്പെടുകയായിരുന്നു. ആറ് മാസത്തിനകം പഠനം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. 

മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ–ഷെർളി ദമ്പതികളുടെ ഏകമകളാണ് പ്രത്യുഷ. കൊല്ലം ഉളിയക്കോവില്‍ സാഗരനഗര്‍-48 (ബി)യില്‍ സിദ്ധാര്‍ത്ഥ കാഷ്യൂ കമ്പനി ഉടമ സുനില്‍കുമാറിന്റെയും സന്ധ്യസുനിലിന്റെയും മകനാണ് സിദ്ധാര്‍ത്ഥ്. പാര്‍വതി സുനിലാണ് സഹോദരി. മൃതദേഹങ്ങള്‍ ദുബായ് വഴി നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Malay­ali stu­dents drowned in Russia

You may also like this video

Exit mobile version