Site iconSite icon Janayugom Online

മലെഗാവ് സ്ഫോടനം നടത്തിയത് സാമുദായിക വിള്ളലുണ്ടാക്കാന്‍: എന്‍ഐഎ

മുംബെെ: 2008ലെ മലെഗാവ് സ്ഫോടനം സാമുദായിക വിള്ളലുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍. സ്ഫോടനം നടത്തിയത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കാനും ലക്ഷ്യമിട്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവം നടന്ന് ഏകദേശം 16 വർഷത്തിന് ശേഷമാണ് വ്യാഴാഴ്ച കേസില്‍ അന്തിമ വാദം ആരംഭിച്ചത്. മുൻ ബിജെപി എംപി പ്രജ്ഞാ ഠാക്കൂറും ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതും ഉൾപ്പെടെ ഏഴ് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്.
2008 സെപ്റ്റംബർ 29ന് മാലേഗാവിലെ അഞ്ജുമൻ ചൗക്കിനും ഭിക്കു ചൗക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഷക്കിൽ ഗുഡ്‌സ് ട്രാൻസ്‌പോർട്ട് കമ്പനിക്ക് നേരെയാണ് രാത്രി ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് കേന്ദ്ര ഏജൻസിയായ എൻഐഎയ്ക്ക് കേസ് കെെമാറുകയായിരുന്നു. 

പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവുകള്‍ പ്രോസിക്യൂഷൻ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി. ബോംബ് സ്ഥാപിച്ച മോട്ടോർസൈക്കിൾ താക്കൂറിന്റേതാണെന്നതിനുള്ള തെളിവ് ഉള്‍പ്പെടെയാണ് ഹാജരാക്കിയത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഉഗ്ര സ്ഫോടന ശേഷിയുള്ള വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും സ്പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ നേത‍ൃത്വത്തില്‍ ഹിന്ദു വലതുപക്ഷ സംഘടനയായ അഭിനവ് ഭാരത് വഴിയായിരുന്നു സ്ഫോടനം ആസൂത്രണം ചെയ്തതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസ് ഏറ്റെടുത്ത ഹേമന്ത കര്‍ക്കരയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന(എടിഎസ്) സ്‌ഫോടനം നടന്ന് ഒരു മാസത്തിനകം പ്രതികളെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 2011 ഏപ്രിലിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു.
താക്കൂർ, ഉപാധ്യായ, പുരോഹിത് എന്നിവരുൾപ്പെടെ 11 പ്രതികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. എന്നാല്‍ പിന്നീട് നാല് പേരെ എൻഐഎ കോടതി വിട്ടയക്കുകയും മറ്റ് ഏഴ് പ്രതികൾക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Male­gaon blast car­ried out to cre­ate com­mu­nal rift: NIA

You may also like this video

Exit mobile version