മാലേഗാവ് സ്‌ഫോടന കേസില്‍ കുറ്റാരോപിതനായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിന്റെ ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ബോംബെ ഹൈക്കോടതിയോട് സുപ്രീം കോടതി. തന്നെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ ഹരജി നിയമപരമല്ലെന്ന് അവകാശപ്പെട്ട് പുരോഹിത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ വൈകാതെ തീര്‍പ്പുണ്ടാക്കാനാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.സര്‍ക്കാരിന്റെ അനുമതി റദ്ദാക്കണമെന്ന ആവശ്യം 2017ല്‍ ഹൈക്കോടതി നിഷേധിച്ചിരുന്നു.
നേരത്തെ, അനുമതി റദ്ദാക്കണമെന്ന ആവശ്യം പ്രത്യേക എന്‍.ഐ.എ കോടതിയും തള്ളിയിരുന്നു. കേസിനാധാരമായ സംഭവം നടക്കുന്ന വേളയില്‍ പുരോഹിത് സൈനിക ഉദ്യോഗസ്ഥനായതിനാല്‍ വിചാരണക്ക് സൈനിക അനുമതി വേണമായിരുന്നു.2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ കുറ്റാരോപിതരായ ഏഴ് പേരും ഇപ്പോള്‍ ജാമ്യത്തിലാണ്.ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെയിലാണ് മാലേഗാവിലെ പള്ളിക്ക് സമീപം സ്‌ഫോടനമുണ്ടായത്.
തുടര്‍ന്ന് കേസ് ഏറ്റെടുത്ത ഹേമന്ത കര്‍ക്കരയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന(എ.ടി.എസ്) സ്‌ഫോടനം നടന്ന് ഒരു മാസത്തിനകം പ്രതികളെ പിടികൂടുകയും ചെയ്തു. നിലവിലെ ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ പ്രജ്ഞാസിങ് ഠാക്കൂറാണ് കേസില്‍ ആദ്യം അറസ്റ്റിലായിരുന്നത്.എന്നാല്‍, പ്രജ്ഞാസിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴ് പേര്‍ പ്രതികളായ കേസില്‍ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.
യുഎപിഎ ചുമത്തിയാണ് വിചാരണ. അതിന് മുമ്പ് 2006ല്‍ മാലേഗാവില്‍ 35 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ഇതേ സംഘത്തിന്റെ ഇടപെടലുകള്‍ കണ്ടെത്തിയിരുന്നു.ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാന്‍ കേണല്‍ പുരോഹിത് രൂപം നല്‍കിയ തീവ്ര ഹിന്ദുത്വ സംഘടന അഭിനവ് ഭാരതാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് എടിഎസ് കണ്ടെത്തല്‍. എന്നാല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സംഘടനയില്‍ നുഴഞ്ഞുകയറിയതെന്നാണ് പുരോഹിതിന്റെ മറുവാദം
English Summary: Malegaon blast case; Supreme Court to dispose of Colonel Prasad Purohit’s plea quickly
You may also like this video: