Site icon Janayugom Online

മലെഗാവ് സ്ഫോടനം: പ്രഗ്യയ്ക്കെതിരെയുള്ള വാറണ്ടിന് സ്റ്റേ

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ പുറപ്പെടുവിച്ച വാറന്റ് മുംബൈ പ്രത്യേക കോടതി സ്റ്റേ ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാണിച്ച് പ്രഗ്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി ഈ മാസം 27ന് ഹാജരാകാന്‍‍ എന്‍ഐഎ കോടതി പ്രഗ്യയ്ക്ക് നിര്‍ദേശം നല്‍കി.

കോടതിയില്‍ ഹാജരാകാന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ മാസം 11 നാണ് മുംബൈ പ്രത്യേക കോടതി ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച കോടതിയില്‍ ഹാജരാകാനും വാറന്റ് റദ്ദാക്കാനും പ്രത്യേക ജഡ്ജി എ കെ ലഹോത്തി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രഗ്യ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതിയിലേക്ക് വരും വഴി മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് അസുഖം മൂര്‍ഛിച്ചതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വാറന്റ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രഗ്യയുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

ആശുപത്രി വിടും വരെയാണ് വാറന്റ് സ്റ്റേ ചെയ്തിരിക്കുന്നത്. 2008 സെപ്റ്റംബറിലാണ് ഉത്തര്‍പ്രദേശിലെ മലേഗാവിലെ മുസ്ലിം പള്ളിയില്‍ രാജ്യത്തെ ഞെട്ടിച്ച സ്ഫോടനം അരങ്ങേറിയത്. സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയിതിരുന്നു. സംഭവത്തില്‍ പ്രഗ്യ ഉള്‍പ്പെടെ ആറു പേരാണ് പ്രതി പട്ടികയിലുള്ളത്. 

Eng­lish Summary:Malegaon blast: Stay on war­rant against Pragya

You may also like this video

Exit mobile version