ആലപ്പുഴയിലെ വനിതാ-ശിശു ആശുപത്രിയിൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരുടെ ഒക്കെ ഭാഗത്ത് വീഴ്ച ഉണ്ടോ അവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ ഇല്ലാത്തതിന്‍റെ പ്രശ്നം ആയിരുന്നില്ല. ചില ടെസ്റ്റുകൾ നടത്താൻ ഡോക്ടർമാർ സന്നദ്ധരാകാത്തതും പ്രശ്നമായതായി മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് സ്വകാര്യ ലാബിൽ പരിശോധിക്കേണ്ടി വന്നത്. സർക്കാർ ആശുപത്രിയിൽ സൗകര്യം വർധിപ്പിക്കാനും നടപടി കൈക്കൊള്ളും എന്നും മന്ത്രി അറിയിച്ചു.
ഇന്നലെ ശിശുവിന്‍റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായും കണ്ടെത്തിയിട്ടുണ്ട്.