പ്രമുഖ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹിയ്ക്ക് രാജ്യത്തിനെതിരെ ദുഷ്പ്രചാരണം നടത്തിയെന്ന കുറ്റത്തിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. നിലവിൽ ഇറാനിൽ ഇല്ലാത്ത സംവിധായകന്റെ അഭാവത്തിലാണ് തെഹ്‌റാൻ റെവല്യൂഷണറി കോടതിയുടെ ബ്രാഞ്ച് 26 ശിക്ഷ വിധിച്ചത്. ശിക്ഷാവിധിയിൽ ഒരു വർഷം തടവിനു പുറമെ, രണ്ട് വർഷത്തേക്ക് യാത്രാവിലക്കും രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകളിലെ അംഗത്വത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശിക്ഷയെക്കുറിച്ച് ജാഫർ പനാഹി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടോ എന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.
പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ്’ എന്ന ചിത്രം ഈ വർഷത്തെ കാൻ ചലച്ചിത്രോത്സവത്തിൽ പാം ഡി ഓർ പുരസ്‌കാരം നേടിയിരുന്നു. പുരസ്‌കാര സ്വീകരണ പ്രസംഗത്തിൽ, ഇറാനിൽ ജീവൻ പണയം വെച്ച് ചലച്ചിത്ര നിർമ്മാണം നടത്തുന്ന സഹപ്രവർത്തകർക്ക് അദ്ദേഹം ഈ പുരസ്‌കാരം സമർപ്പിക്കുകയും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. തിരക്കഥയ്ക്കും സംവിധാനത്തിനുമുള്ള ന്യൂയോർക്കിലെ ഗോഥം പുരസ്‌കാരവും ഈ ചിത്രം നേടിയിട്ടുണ്ട്.

