Site iconSite icon Janayugom Online

മൽക്ക ‘പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ അവാർഡ് ശ്രീ. സി പി സാലിക്ക് സമർപ്പിച്ചു

ഇന്ത്യൻ അസോസിയേഷന് കീഴിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന മലയാളി കൾച്ചറൽ ആക്റ്റിവിറ്റീസ് (MALCA) ഏർപ്പെടുത്തിയ ഈ വർഷത്തെ ‘പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ പുരസ്കാരം പ്രമുഖ സാമൂഹിക പ്രവർത്തകനും സംരംഭകനുമായ ശ്രീ. സി.പി. സാലിക്ക് സമർപ്പിച്ചു. ഷാർജ സെൻട്രൽ മാളിലെ ആർ.കെ. ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളുടെയും അസോസിയേഷൻ ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് പുരസ്കാരം കൈമാറിയത്.

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് ശ്രീ. നിസ്സാർ തളങ്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൽക്ക പ്രസിഡണ്ട് ശ്രീ. നിസ്സാർ ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ മൽക്ക ചെയർമാൻ ശ്രീ. യൂസഫ് സഗീർ അവാർഡ് ദാനം നിർവ്വഹിച്ചു. ആസ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായ ശ്രീ. സാലി, ബിസിനസ് രംഗത്തെ മികവിനൊപ്പം തന്നെ തന്റെ പിതാവിന്റെ സ്മരണയ്ക്കായി രൂപീകരിച്ച സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വഴി നടത്തുന്ന നിസ്തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ ആദരം നൽകിയത്.

മൽക്ക ജനറൽ സെക്രട്ടറി ശ്രീ. സുനിൽ രാജ് സ്വാഗതം ആശംസിച്ചു. അവതാരകയായ ശ്രീമതി. റീന സലിം, മൽക്കയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പുരസ്കാര ജേതാവായ ശ്രീ. സാലിയുടെ നേട്ടങ്ങളെക്കുറിച്ചും സദസ്സിന് പരിചയപ്പെടുത്തി. അവാർഡ് സമർപ്പണ ചടങ്ങിൽ ശ്രീ. നിസ്സാർ തളങ്കര, ശ്രീ. നിസ്സാർ ഇബ്രാഹിം, ശ്രീ. സുനിൽ രാജ്, ശ്രീ. വിചി കളച്ചേരി, ശ്രീ. നരേഷ് കോവിൽ തുടങ്ങിയവർ പങ്കുചേർന്നു.

പുരസ്കാരത്തിന് മറുപടിയായി ശ്രീ. സാലി നടത്തിയ മറുമൊഴി സദസ്സിന് ഏറെ പ്രചോദനകരമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. ശ്രീപ്രകാശ്, ട്രഷറർ ശ്രീ. ഷാജി ജോൺ, ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ട് ശ്രീ. അഡ്വ. വൈ.എ. റഹിം, ഇൻകാസ് ജനറൽ സെക്രട്ടറി ശ്രീ. എസ്.എം. ജാബിർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ചടങ്ങിന് മൽക്ക ചെയർമാൻ ശ്രീ. യൂസഫ് സഗീർ ഉപസംഹാര പ്രസംഗം നടത്തി. മൽക്ക ട്രഷറർ ശ്രീ. വിചി കളതേരി നന്ദി പ്രകടിപ്പിച്ചു. അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മുൻ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുരസ്കാര ദാനത്തോടൊപ്പം തന്നെ മൽക്ക കുടുംബാംഗങ്ങളുടെ ഇഫ്താർ സംഗമവും ഇതോടൊപ്പം നടന്നു.

Exit mobile version