Site iconSite icon Janayugom Online

മധ്യപ്രദേശില്‍ പോഷകാഹാരക്കുറവ് രൂക്ഷം: ഒരു കുട്ടി കൂടെ മരിച്ചു

പോഷാകാഹാരക്കുറവിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ ഒരു കുട്ടി കൂടി മരിച്ചു. പതിറ്റാണ്ടുകളായി തകര്‍ച്ചയുടെ പാതയിലായിരുന്ന സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന്റെ തകര്‍ച്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ മരണങ്ങള്‍. 15 മാസം പ്രായമുള്ള ദിവ്യാന്‍ഷിയാണ് ശിവപുരിയിലെ ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച മരിച്ചത്. 3.7കിലോ മാത്രമായിരുന്നു കുട്ടിയുടെ ഭാരം. പോഷകാഹാരക്കുറവ് കണ്ടെത്തുമ്പോള്‍ കുട്ടിയുടെ ഹീമോഗ്ലോബിന്റെ അളവ് വെറും 7.4 ഗ്രാം/ഡെസിലിറ്റർ മാത്രമായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ കുട്ടിയെ ന്യുട്രീഷ്യന്‍ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയായതിനാല്‍ നിലവിലെ ചികിത്സ മതിയെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാരുടെ തീരുമാനമെന്നാണ് കുട്ടിയുടെ മാതാവ് പറഞ്ഞത്. ദിവ്യാന്‍ഷി മരിക്കാറായപ്പോഴും അത് വെറും പെണ്‍കുട്ടിയല്ലേ എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷിയോപൂരില്‍ ഒന്നര വയസുള്ള രാധിക എന്ന ആദിവാസി പെണ്‍കുട്ടി മരിച്ചിരുന്നു. 2.5 കിലോയായിരുന്നു രാധികയുടെ ഭാരം. ജനന സമയത്ത് കുട്ടി ആരോഗ്യവതിയായിരുന്നുവെന്നും എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും കൈകാലുകള്‍ ശോഷിക്കുകയായിരുന്നുവെന്നും രാധികയുടെ അമ്മ പറഞ്ഞു. ജൂലൈയില്‍ ബിഹിന്ദ് ജില്ലയിലും സമാനമായ മരണം സംഭവിച്ചിരുന്നു.
രാജ്യത്തെ പോഷകാഹാരക്കുറവിന്റെ പ്രഭവകേന്ദ്രമായി മധ്യപ്രദേശ് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് തുടര്‍ച്ചയായ ഇത്തരം മരണങ്ങള്‍ സൂചിപ്പിക്കുന്നത്.

പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകള്‍ അനുസരിച്ച് 85,330 കുട്ടികളാണ് 2020 മുതല്‍‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ നുട്രീഷ്യന്‍ റീഹാബിലേഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 2020–21 ല്‍ 11,566 ആയിരുന്നത് 2024–25 ആയപ്പോള്‍ 20,741 ആയി വര്‍ധിക്കുകയായിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ പത്ത് ലക്ഷം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. ഇതില്‍ 1.36 ലക്ഷം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മധ്യപ്രദേശിലെ 57 ശതമാനം സ്ത്രീകള്‍ക്കും വിളര്‍ച്ചയുണ്ട്. ഇത് അടുത്ത തലമുറയുടെ ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Exit mobile version